ശ്രീനഗര്‍: കശ്മീരില്‍നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി സംശയം. 12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ ശിപായിയായ മീര്‍ ഇദ്രിസ് സുല്‍ത്താന്‍ ആണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നത്. 

മറ്റു മൂന്ന് യുവാക്കള്‍ക്കൊപ്പം ഇയാള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി വിവരം ലഭിച്ചെന്ന് പോലീസ് പറയുന്നു. കാണാതായ സൈനികന്‍  തോക്കുമേന്തി നില്‍ക്കുന്ന ചിത്രം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുറത്തുവിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇയാള്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. 

ഏപ്രില്‍ 12ന് ഷോപിയാനിലെ സ്വന്തം ഗ്രാമത്തില്‍ എത്തി മീര്‍ ഇദ്രിസിനെ ഏപ്രില്‍ 14 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പിതാവ് മുഹമ്മദ് സുല്‍ത്താന്‍ മിര്‍ മകനെ കാണാനില്ലെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ബിഹാറിലെ കത്തിഹാറിലാണ് മീര്‍ ഇദ്രീസ് ജോലിചെയ്തിരുന്നത്. ഇയാള്‍ക്ക് ഝാര്‍ഖണ്ഡിലേക്ക് സ്ഥലംമാറ്റം ആയിരുന്നെന്നും ഇതില്‍ ഇയാള്‍ അസന്തുഷ്ടനായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

Content highlights: Indian Army, soldier, terror group