ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ട പാകിസ്താന്റെ എഫ്. 16 വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യന്‍ വ്യോമസേന തുരത്തിയ പാകിസ്താന്റെ പോര്‍വിമാനമാണ് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടത്. തകര്‍ന്നുവീണ വിമാനത്തിന്റെ ദൃശ്യങ്ങളും വിമാനാവശിഷ്ടങ്ങള്‍ പരിശോധിക്കാനെത്തിയ പാക് സൈനിക ഉദ്യോഗസ്ഥന്റെ ചിത്രങ്ങളും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യാണ് പുറത്തുവിട്ടത്. 

പാക് ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെ പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാക് വിമാനങ്ങളെ വ്യോമസേന തുരത്തിയെന്നും ഒരു എഫ്.16 വിമാനം സൈന്യം വെടിവെച്ചിട്ടെന്നും ഇന്ത്യന്‍ വിദേശകാര്യം മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ട പാക് വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. 

പാക് വിമാനങ്ങളെ അതിര്‍ത്തിയില്‍നിന്ന് തുരത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്‍ പാകിസ്താന്റെ പിടിയിലായത്. നിലവില്‍ പാകിസ്താന്റെ കസ്റ്റഡിയിലുള്ള അഭിനന്ദന്‍ വര്‍ത്തമനെ മോചിപ്പിക്കണമെന്നും സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ മുഖേനെയാണ് ഇക്കാര്യം പാകിസ്തനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 

Content Highlights: indian army shot down pakistans f16 jet in pak occupied kashmir, pictures published by ani