ശ്രീനഗര്‍: കരസേനയുടെ ഹെലികോപ്റ്റര്‍ ജമ്മു കശ്മീരില്‍ തകര്‍ന്ന് വീണു. ഉധംപുര്‍ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം. ഹെലികോപ്റ്ററില്‍ രണ്ട് സൈനികരുണ്ടായിരുന്നുവെന്നും മഞ്ഞ്വീഴ്ച കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. 

സംഭവ സ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുര്‍ ഡി.ഐ.ജി സുലൈമാന്‍ ചൗധരി അറിയിച്ചു. 

മോശം കാലാവസ്ഥയെ തുടര്‍ന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു. പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഓഗസ്റ്റില്‍ ജമ്മുവില്‍ മറ്റൊരു സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിരുന്നു.

Content Highlights: Indian army copter crashed in Jammu Kashmir