ന്യൂഡൽഹി: വടക്കൻ സിക്കിം മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷൻ ആർമിയും ഹോട്ട്ലൈൻ സ്ഥാപിച്ചു. യഥാർഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

അതിർത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനായാണ് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ഹോട്ട്ലൈൻ സ്ഥാപിച്ചതെന്ന് ഇന്ത്യൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനാണ് ഹോട്ട്ലൈൻ സ്ഥാപിച്ചത്. ഉദ്ഘാടനചടങ്ങിൽ ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ പങ്കെടുത്തു. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഹോട്ട്ലൈൻ വഴി കൈമാറി.

കമാൻഡർ തലത്തിൽ ആശയവിനിമയത്തിന് രണ്ടുരാജ്യങ്ങൾക്കും മികച്ച സംവിധാനങ്ങളുണ്ട്. വിവിധ മേഖലകളിലുളള ഈ ഹോട്ട്ലൈൻ അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സഹായിക്കും.

2020 ജൂണിൽ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും പരസ്പരം ഏറ്റുമുട്ടിയതോടെയാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൈനിക തലത്തിലും സർക്കാർ തലത്തിലും നിരവധി ചർച്ചകൾ നടന്നിരുന്നു. ശനിയാഴ്ചയും ഇരുസൈന്യത്തിലെയും ഉന്നത കമാൻഡർമാർ ചർച്ച നടത്തിയിരുന്നു.

Content Highlights :Indian Army Chinese PLA set up hotline to enhance mutual trust