ന്യൂഡല്‍ഹി: പാക് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ത്തമനെ വീരചക്ര പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വീരചക്ര പുരസ്‌കാരത്തിനായി അഭിനന്ദന്‍ വര്‍ത്തമനെ വ്യോമസേന ശുപാര്‍ശ ചെയ്തത്. 

യുദ്ധകാലത്തെ വീരകൃത്യങ്ങള്‍ കണക്കിലെടുത്ത് സൈനികര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര ചക്ര മെഡല്‍. പരം വീര ചക്ര, മഹാ വീര ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍.

അഭിനന്ദനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അഭിനന്ദന്‍ വര്‍ത്തമനെ ശ്രീനഗറിന് പുറത്തുള്ള എയര്‍ബേസ്‌ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. 

അഭിനന്ദന്‍ വര്‍ത്തമന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയെന്നും പുതിയ സ്ഥലത്തേക്ക് അദ്ദേഹം ഉടന്‍ പോകുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, സുരക്ഷ കണക്കിലെടുത്ത് അഭിനന്ദന്‍ വര്‍ത്തമന് പുതുതായി നിയമനംലഭിച്ച എയര്‍ബേസ് ഏതെന്നകാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാംഗങ്ങളാണ് ശത്രുക്കളെ തുരത്തിയത്. പാകിസ്താന്റെ ഒരു എഫ്-16 വിമാനം അദ്ദേഹം വെടിവെച്ചിട്ടു. ഇതിനിടെ മിഗ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. രണ്ടുദിവസത്തിനുശേഷം അദ്ദേഹത്തെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. 

Content Highlights: indian air force recommending abinanthan varthaman for vir chakra award