ന്യൂഡല്‍ഹി: വ്യോമസേന 15 അത്യാധുനിക ഡ്രോണുകള്‍ വാങ്ങുന്നതായി റിപ്പോര്‍ട്ട്. യുദ്ധസമയങ്ങളില്‍ ശത്രുപാളയങ്ങള്‍ ഞൊടിയിടയില്‍ തകര്‍ക്കാന്‍ കഴിയുന്ന ഹരോപ് ഡ്രോണുകളാണ് വ്യോമസേന സ്വന്തമാക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച നടക്കുന്ന ഉന്നതതല യോഗത്തില്‍ പുതിയ ഡ്രോണുകള്‍ വാങ്ങാനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

ഇലക്ട്രോ-ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഹരോപ് ഡ്രോണുകള്‍ നിലവില്‍ വ്യോമസേനയുടെ പക്കലുണ്ട്. ഇവ ആക്രമണത്തിന് മുമ്പ് നിരീക്ഷണം നടത്താനാണ് ഉപയോഗിക്കുന്നത്. ഇവയുടെ കൂട്ടത്തിലേക്കാണ് ആക്രമിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നത്. ശത്രുകേന്ദ്രങ്ങളിലേക്ക് കടന്നുകയറി സ്വയം പൊട്ടിത്തെറിച്ച് വലിയ നാശം വരുത്താന്‍ കഴിയുന്ന ഡ്രോണുകളാണ് വാങ്ങുന്നത്.

എത്രവലിയ ശത്രുകേന്ദ്രങ്ങളും തകര്‍ക്കാന്‍ കഴിയുന്ന ഡ്രോണുകളാകും വാങ്ങുകയെന്നാണ് വിവരങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്താന്‍ എന്നിവടങ്ങളില്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതിന് സമാനമായ ഡ്രോണുകളാണ് ഇന്ത്യന്‍ വ്യോമസേനയും സ്വന്തമാക്കുന്നത്. 

ഇന്ത്യന്‍ സേനകള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്ന ഇസ്രായേലില്‍നിന്നാണ് പുതിയ ഡ്രോണുകളും വാങ്ങുന്നത്. ഇതോടൊപ്പം രാജ്യത്തെ മൂന്ന് സുപ്രധാനസേനകളും ചേര്‍ന്ന് നടപ്പാക്കുന്ന ചീറ്റ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയുടെ കൈവശമുള്ള ഡ്രോണുകളെ ആക്രമിക്കാന്‍ ശേഷിയുള്ളതാക്കി മാറ്റാനും നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുക എന്നതുമാണ് ചീറ്റ പദ്ധതി.

പുതിയ ഡ്രോണുകള്‍ വാങ്ങുന്നതിനെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും ഇത്തരം ഡ്രോണുകള്‍ സ്വന്തമാക്കുന്നത് വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നുമാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായം.

Content Highlights: indian air force planning to acquire 15 combat drones