ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമസേന ലഡാക്കില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചേക്കുമെനന് സൂചന. ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചൈനീസ് നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണരേഖയിലെ ജാഗ്രത വര്‍ധിപ്പിച്ചിരുന്നു.
രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള സമഗ്ര അവലോകനത്തിനായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉന്നത വ്യോമസേന കമാന്‍ഡര്‍മാരുടെ സമ്മേളനം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ആരംഭിക്കുന്ന സമ്മേളനത്തില്‍ ലഡാക്ക് മേഖലയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നതിനെ കുറിച്ച് വ്യോമസേന കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ഓഗസ്റ്റ് മാസം തുടക്കത്തില്‍ ആറ് യുദ്ധവിമാനങ്ങള്‍ ലഡാക്ക് മേഖലയില്‍ വിന്യസിക്കുന്നത് സംബന്ധിച്ച് കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തുമെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ജൂലായ് 27-നാണ് ആറു റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. വ്യോമസേന മേധാവി ആര്‍.കെ.ഭദൗരിയ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യോമസേന കമാന്‍ഡര്‍മാരെ അഭിസംബോധന ചെയ്യും.
കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വ്യോമസേന രാത്രി പട്രോളിങ് നടത്തുന്നുണ്ട്. ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്നുളള ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നുളള സന്ദേശം ചൈനയ്ക്ക് നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. രാജ്‌നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദര്‍ശന വേളയില്‍ ലഡാക്കില്‍ നടന്ന സൈനികാഭ്യാസത്തില്‍ വ്യോമസേന പങ്കെടുത്തിരുന്നു. ഉയര്‍ന്ന പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ കൈാര്യം ചെയ്യുന്നതില്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും പോരാട്ടശേഷി പ്രകടമാക്കുന്നതായിരുന്നു സൈനികാഭ്യാസം.
സുഖോയ് 30എംകെഐ, ജാഗ്വാര്‍, മിറാഷ് 2000 തുടങ്ങിയ മുന്‍നിര യുദ്ധവിമാനങ്ങളെല്ലാം തന്നെ വ്യോമസേന ഇതിനകം കിഴക്കന്‍ ലഡാക്കിലെ സുപ്രധാന വ്യോമസേനാ ബേസുകളില്‍ വിന്യസിച്ചിട്ടുണ്ട്. സൈനികരെ എത്തിക്കുന്നതിനായി അപ്പാച്ചെ ഹെലികോപ്റ്ററുകളും ചിനൂക്ക് ഹെലികോപ്റ്ററുകളും വ്യോമസേന വിന്യസിച്ചിട്ടുണ്ട്.
Content Highlights: Indian Air Force may deploy Rafale fighter jets in Ladakh