ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്ക് രക്ഷപെടാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ചോക്സിക്കെതിരായ റിപ്പോര്‍ട്ടൊന്നും ഇന്ത്യയില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്ന് കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് ആരോപണം. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചോക്സിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എതിരഭിപ്രായങ്ങളൊന്നും ലഭിച്ചില്ലെന്നാണ് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊള്ള നടത്താനും പിന്നീട് ശിക്ഷയില്‍ നിന്ന് രക്ഷപെടാനും കുറ്റവാളികളെ സഹായിക്കുക എന്നത് മോദി സര്‍ക്കാരിന്റെ നയമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണിനെ കണ്ടപ്പോള്‍ മോദി എന്തുകൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്യാഞ്ഞതെന്നും സുര്‍ജെവാല ചോദിച്ചു. ചോക്സിയുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിലേക്ക് വിവരങ്ങളെത്താഞ്ഞതിനു പിന്നില്‍ സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെയും പരാജയമാണെന്നും അതിനു കാരണം ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നും സുര്‍ജെവാല ആരോപിച്ചു.

2017 മെയ് മാസത്തിലാണ് ചോക്സി ആന്റിഗ്വന്‍ പൗരത്വത്തിനായി അപേക്ഷിച്ചത്. പൗരത്വം നല്‍കുന്നതിന് മുന്നോടിയായി ലോക്കല്‍ പോലീസില്‍ നിന്നടക്കം വിവരശേഖരണം നടത്തിയിരുന്നെന്നാണ് ആന്റിഗ്വന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്മെന്റ് യൂണിറ്റ് ഓഫ് ആന്റിഗ്വ ആന്റ് ബര്‍ബുഡയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് ലഭിച്ച പോലീസ് ക്ലിയറന്‍സ് റിപോര്‍ട്ടിലും പാസ്പോര്‍ട്ട് ഓഫീസ് റിപോര്‍ട്ടിലും പൗരത്വം നിഷേധിക്കാന്‍ തക്കതരത്തിലുള്ള എന്തെങ്കിലും പരാമര്‍ശങ്ങള്‍ ചോക്സിക്കെതിരായി ഇല്ലായിരുന്നെന്നാണ് മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളിലും അന്വേഷണം നടത്തിയശേഷമാണ് ചോക്സിക്ക് പൗരത്വം നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയിലേക്ക് (സെബി) ആന്റിഗ്വയില്‍ നിന്ന് ഒരു തരത്തിലുള്ള അന്വേഷണവും മെഹുല്‍ ചോക്സിയെ സംബന്ധിച്ച് വന്നിട്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 1300 കോടി തട്ടിപ്പ് നടത്തിയ ശേഷം ഈ വര്‍ഷം ജനുവരിയിലാണ് ചോക്സി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. ജൂലായില്‍ ഇയാള്‍ ആന്റിഗ്വയിലെത്തിയതായാണ് വിവരം. 

content highlights: Indian agencies had given 'no adverse info' on Mehul Choksi says Antigua  Authority, Mehul Choksi, PNB Scam