ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന ആരോപണവുമായി ആം ആദ്മി, രാഷ്ട്രീയ ജനതാദള്‍ നേതാക്കള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, എന്നിവര്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിഡന്റുമാരും വിര്‍ച്വല്‍ മീറ്റിങ്ങില്‍ പങ്കെടുക്കും. യോഗത്തില്‍ 20 പാര്‍ട്ടിയുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ സര്‍വകക്ഷിയോഗത്തിന് ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ചിട്ടില്ലെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത് എഎപി നേതാവ് സഞ്ജയ് സിങാണ് 'വിചിത്രമായ ഈഗോയുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിയുടേതാണ്. എഎപി പഞ്ചാബിലെ പ്രധാന പ്രതിപക്ഷ കക്ഷിയാണ്. രാജ്യത്ത് നാല് എംപിമാരുണ്ട്. എന്നിട്ടും ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ എഎപിയുടെ അഭിപ്രായം അറിയാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എന്താണ് മീറ്റിങ്ങില്‍ പ്രധാനമന്ത്രി പറയുക എന്നുള്ളത് മുഴുവന്‍ രാജ്യവും ഉറ്റുനോക്കുന്നുണ്ട്.' സഞ്ജയ് സിങ് പറഞ്ഞു.
രാഷ്ട്രീയ ജനതാദളും യോഗത്തിനായി തങ്ങളെ ക്ഷണിച്ചില്ലെന്ന ആരോപണം ഉന്നയിച്ചു. ദൗര്‍ഭാഗ്യകരം എന്നാണ് സംഭവത്തെ ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ വിശേഷിപ്പിച്ചത്. 'ഞങ്ങള്‍ ക്ഷണിക്കപ്പെട്ടില്ല എന്നുള്ളത് വളരെയധികം ദുഃഖമുണ്ടാക്കുന്നതും നിര്‍ഭാഗ്യകരവുമാണ്. അഞ്ച് രാജ്യസഭ എംപിമാരും 80 എംഎല്‍എമാരും ഉളള ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ഞങ്ങള്‍. 21 സംസ്ഥാനങ്ങളില്‍ ആര്‍ജെഡിയുണ്ട്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് എന്നെനിക്കറിയില്ല. ബിഹാര്‍ സൈനികവ്യൂഹത്തിന് അഞ്ചു സൈനികരെ നഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് കുറേ കാര്യങ്ങള്‍ ചോദിക്കാനും നിര്‍ദേശങ്ങള്‍ പങ്കുവെക്കാനുമുണ്ട്.' മനോജ് കുമാര്‍ ഝാ പറഞ്ഞു.
കോവിഡ് 19 പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുളള കേന്ദ്രതീരുമാനത്തെ മമത അനുകൂലിക്കുകയും ചെയ്തു. ജൂണ്‍ 19-ന് വൈകീട്ട് അഞ്ചുമണിക്കാണ് യോഗം നടക്കുക. ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ എടുത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights:All party meeting: AAP and RJD claim that they are not invited
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..