ന്യൂഡല്‍ഹി: 2019 ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി മാറുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വരും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യ മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട ഇടത്തം വ്യവസായങ്ങള്‍ക്കുള്ള സഹായപദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഒമ്പതാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തിയെന്ന് ജയ്റ്റ്‌ലി പറഞ്ഞു. അടുത്ത വര്‍ഷം ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തും. മാത്രമല്ല വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നാലുവര്‍ഷം കൊണ്ട് രാജ്യത്ത് വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ നിലമെച്ചപ്പെടുത്തി.  65 പോയിന്റുകള്‍ നേടി ഇന്ത്യ 77-ാം സ്ഥാനത്താണ്. വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ ആദ്യ 50 ല്‍ ഇന്ത്യയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജയ്റ്റ്‌ലി അവകാശപ്പെട്ടു.

നമ്മള്‍ ലക്ഷ്യത്തിന് വളരെ അടുത്താണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരുകളുടെ കാലത്ത് നയപരമായ കാലതാമസവും അഴിമതിയും ഇന്ത്യയിലേയും വിദേശത്തേയും നിക്ഷേപകരെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ നാലുവര്‍ഷം രാജ്യത്തെ വിലക്കയറ്റം 10.4 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക സൂചകങ്ങളെല്ലാം സ്ഥിരത കൈവരിച്ചുവെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു.

ആധാര്‍ നടപ്പിലാക്കിയതുമൂലം പ്രതിവര്‍ഷം 90,000 കോടിരൂപയാണ് സര്‍ക്കാരിന് മിച്ചംപിടിക്കാന്‍ സാധിക്കുന്നതെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ ഇത്രയും തുക പര്യാപ്തമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. 

ചരക്കുസേവന നികുതി നടപ്പിലാക്കിയത് ചെറുകിട, ഇടത്തരെ വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്‌തെന്നും നികുതി പരിഷ്‌കരണം നടപ്പിലാക്കിയ വര്‍ഷം തന്നെ 334 വസ്തുക്കളുടെ നികുതി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.