ന്യൂഡല്‍ഹി: ഈ മാസം 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചിരുന്നു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ വൈകിയത് രോഗവ്യാപനം തീവ്രമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഡിസംബര്‍ 15ന് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവാണ് സിവില്‍ വ്യോമയാന മന്ത്രാലയം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സർവീസുകൾ പുനഃരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ടിക്കറ്റ് എടുത്തിരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാണ്.

ഡല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നാല് പേരും ഔമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. കോവിഡിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍ വകഭേദം. രണ്ട് ഡോസ് വാക്‌സിനെടുത്താലും പ്രതിരോധശേഷിയെ ഭേദിക്കാന്‍ ഒമിക്രോണ്‍ വകഭേദത്തിന് കഴിയും എന്നതാണ് ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

Content Highlights: India withdraws decision to restart international flight services