ന്യൂഡല്‍ഹി: താലിബാനടക്കം ഉള്‍പ്പെടുന്ന റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്താന്‍ വിഷയത്തില്‍ ഒക്ടോബര്‍ 20-ന് മോസ്‌കോയിലാണ് ചര്‍ച്ച നടക്കുക. മോസ്‌കോ ഫോര്‍മാറ്റ് ചര്‍ച്ചയെന്ന് വിളിക്കുന്ന ഇതില്‍ താലിബാന്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈന, പാകിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കാളികളാകും. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന മോസ്‌കോ ഫോര്‍മാറ്റിന്റെ ആദ്യ പതിപ്പാണിത്.

താലിബാനുമായി ഇന്ത്യ ആദ്യ ഔപചാരിക ചര്‍ച്ച നടത്തിയത് ഓഗസ്റ്റ് 31-ന് ദോഹയില്‍ വെച്ചായിരുന്നു. അഫ്ഗാനിലെ താത്കാലിക താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയ്ക്ക് മോസ്‌കോ വേദിയാകും.

അഫ്ഗാന്‍ വിഷയത്തില്‍ ആദ്യ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് മാര്‍ച്ചില്‍ റഷ്യ വേദിയൊരുക്കിയിരുന്നു. അക്രമങ്ങള്‍ അവസാനിപ്പിക്കാനും സമാധാന ഉടമ്പടിയിലെത്താനും ആവശ്യപ്പെട്ട് യുഎസ്, ചൈന, പാകിസ്താന്‍, റഷ്യ എന്നിവര്‍ സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു.