ന്യൂഡല്‍ഹി: വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ പാകിസ്താന് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാകിസ്താന് ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധികളെ അയക്കില്ല.
ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ച പാക് നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ തീരുമാനം. എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാകിസ്താന് ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 22ന് ദേശീയദിനാചരണം നടത്താന്‍ പാകിസ്താന് ഹൈക്കമ്മീഷന് തീരുമാനിക്കുകയായിരുന്നു.
സാധാരണയായി മന്ത്രിമാരെയാണ് ചടങ്ങിലേക്കുള്ള പ്രതിനിധിയായി ഇന്ത്യ അയച്ചിരുന്നത്. ഇസ്ലാമാബാദില് നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ മലേഷ്യയുടെ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഫെബ്രുവരി പതിന്നാലിന് നടന്ന പുല്‍വാമ ഭീകരാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
content highlights: india will not send any representative to pakistan national day in delhi