ന്യൂഡല്‍ഹി: ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ യു.എസ്. ഉപരോധമേര്‍പ്പെടുത്തിയതോടെ യു.എസില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചേക്കും. നേരത്തെ യു.എസില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ പുനര്‍ചിന്തനം നടത്തിയേക്കുമെന്നാണ് സൂചന. യു.എസ്. എണ്ണയും ശുദ്ധീകരണപ്രക്രിയകളും ചിലവേറിയതിനാലാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. 

കഴിഞ്ഞ നവംബറിലാണ് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് പിന്നീട് ഇതില്‍ ഇളവ് നല്‍കി. എണ്ണ ഇറക്കുമതിക്ക് ബദൽ മാര്‍ഗം കണ്ടെത്താനാണ് ആറ് മാസത്തെ ഇളവ് നല്‍കിയത്. ഈ കാലാവധി മെയ് മാസത്തില്‍ അവസാനിച്ചതോടെയാണ് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിലച്ചത്. 

യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിക്കാന്‍ ഇന്ത്യയിലെ റിഫൈനറി സംവിധാനങ്ങളില്‍ പലമാറ്റങ്ങളും വരുത്തേണ്ടത്. മിക്ക റിഫൈനറികളും നിലവില്‍ ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള എണ്ണ ശുദ്ധീകരിക്കാനായി നിര്‍മ്മിച്ചവയാണ്. ഇതിനുപുറമേ യു.എസ്. എണ്ണയുടെ ശുദ്ധീകരണപ്രക്രിയകള്‍ക്കുള്ള ചെലവും കൂടുതലാണ്. യു.എസില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങിയാല്‍ അത് രാജ്യത്തെ ഇന്ധനവിലവര്‍ധനവിന് കാരണമാകുമെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തല്‍. 

ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യാന്‍ യു.എസ്. ഉപരോധമേര്‍പ്പെടുത്തിയതോടെ മറ്റുരാജ്യങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയെ  മുന്‍നിര്‍ത്തിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇറാന്‍ എണ്ണയുടെ നഷ്ടം നികത്താന്‍ യു.എസില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചെലവ് വര്‍ധിപ്പിക്കുമെന്നാണ് എണ്ണക്കമ്പനികളുടെ അഭിപ്രായം. യു.എസില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാരിന് തങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും യു.എസില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് കൊണ്ട് സാമ്പത്തികമായി നേട്ടമില്ലെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. 

Content Highlights: india will cut shale oil import from USA,