
ജോ ബൈഡൻ |ഫോട്ടോ:AFP
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തങ്ങള്‍ ഈ ഘട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ബൈഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
പിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.
"ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ്", അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങളുടെ അധികാരപരിധിക്കുള്ളില്‍ ഞങ്ങള്‍ക്ക് നല്കാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. അത് ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ ഇന്ത്യാ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും ആഴ്ചകളിലും, ഞങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ പരസ്പരം സമന്വയിപ്പിക്കും. ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാന്‍ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഞങ്ങള്‍ ഏകോപിപ്പിക്കുന്നത് തുടരും'' കിര്‍ബി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..