ന്യൂഡല്‍ഹി: എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം പാകിസ്താന്‍ തള്ളിയതായി റിപ്പോര്‍ട്ട്. പ്രതിനിധികളായി ഉദ്യോഗസ്ഥരെ അടക്കം പ്രത്യേക വിമാനം അയക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ പാകിസ്താന്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നുവെന്ന്  പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ അയയ്ക്കുന്ന പ്രത്യേക വിമാനത്തില്‍ അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ സാധ്യമല്ലെന്നറിയിച്ച പാകിസ്താന്‍, വാഗാ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് അറിയിച്ചത്. 

അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ രണ്ട് വഴികളാണുണ്ടായിരുന്നത്. വാഗാ അതിര്‍ത്തി വഴി അമൃത്സറിലേക്ക് റോഡുമാര്‍ഗം അല്ലെങ്കില്‍ ഇസ്ലാമബാദില്‍ നിന്ന് വ്യോമ മാര്‍ഗം. എന്നാല്‍ മാധ്യമപ്രവര്‍ത്തകരേയും വന്‍ ജനക്കൂട്ടവും കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ ഇന്ത്യന്‍ വിമാനത്തില്‍ ആകാശമാര്‍ഗം അഭിനന്ദനെ  തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.

അഭിനന്ദനെ കൈമാറേണ്ടത് ഈ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്താന്‍ ആവശ്യം നിഷേധിക്കുകയായിരുന്നു. റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലേക്ക് പാകിസ്താന്‍ പ്രത്യേക വിമാനത്തിലെത്തിച്ച അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു.

വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കും. അച്ഛനും അമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വന്‍ സ്വീകരണമാണ് ജനങ്ങളും വിങ് കമാന്‍ഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്. 30 മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്. 

Content highlights: Wing commander abhinandan varthaman reached India