ഭുവനേശ്വര്‍: ലോക്ക് ഡൗണില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെത്താന്‍ 1700 കി.മീ സൈക്കിള്‍ ചവിട്ടി ഇരുപതുകാരന്റെ യാത്ര. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിന്നും ഒഡിഷയിലെ ജജ്പുരിലേക്കാണ് മഹേഷ് ജെന എന്ന യുവാവ് സൈക്കിള്‍ ചവിട്ടിയെത്തിയത്. ഏഴ് ദിവസമെടുത്താണ് യാത്ര പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 1നാണ് യാത്ര തുടങ്ങിയത്.

മഹാരാഷ്ട്രയിലെ സാംഗ്ലിക്ക് സമീപത്ത് ഫാക്ടറി തൊഴിലാളിയായ മഹേഷ് യാത്രയെ കുറിച്ച് പറയുന്നു. 

'പെട്ടന്നൊരു ദിവസം രാജ്യത്ത് എല്ലാം അടച്ചുപൂട്ടുന്നുവെന്ന് പറഞ്ഞു. ജോലി ചെയ്യുന്ന ഫാക്ടറി അഞ്ച് മാസത്തേക്കെങ്കിലും അടച്ചുപൂട്ടുമെന്ന് അവര്‍ പറഞ്ഞു. കടയും താമസ്ഥലും ഒന്നും ഉണ്ടാവില്ല. ഞങ്ങളെന്ത് ചെയ്യണം അപ്പോള്‍, ജോലിയില്ല, ഭക്ഷണമില്ല, വരുമാനമില്ല, താമസസ്ഥലമില്ല. അടച്ചുപൂട്ടുമെന്നല്ലാതെ എങ്ങനെ ജീവിക്കണമെന്ന്‌ ആരും പറഞ്ഞുതന്നില്ല. വീട്ടിലേക്ക് തിരിച്ചുവരിക മാത്രമായിരുന്നു ഒരേയൊരു വഴി. പക്ഷെ വാഹനങ്ങളന്നുമില്ല. 

മാനസികമായി ആകെ പ്രയാസത്തിലായിരുന്ന ഞാനടക്കമുള്ള എല്ലാവരും. അതിനിടയിലാണ് തൊഴിലാളികള്‍ നടന്ന് വീട്ടിലേക്ക് പോവുന്നുവെന്ന വാര്‍ത്തകള്‍ അറിഞ്ഞത്. അപ്പോള്‍ ഞാനും തീരുമാനിച്ചു അവരെപ്പോലെ വീട്ടിലേക്ക് തിരിച്ചുപോവാമെന്ന്. നടക്കാന്‍ ഒരുപാട് ദൂരമുണ്ട്. ഒരു ദിവസം 50 കി.മീ എങ്കിലും നടന്നാല്‍ ഒരു മാസത്തിലേറെ വേണ്ടിവരും വീട്ടിലെത്താന്‍. പക്ഷെ എന്റെ കയ്യിലുള്ള സൈക്കിളില്‍ ദിവസം 100 കി.മീ യാത്ര ചെയ്യാന്‍ പറ്റുമെങ്കില്‍ 15 ദിവസം കൊണ്ട് എത്താമല്ലോ. ആ പ്രതീക്ഷയിലാണ് ആ പഴയ സൈക്കിളില്‍ യാത്ര തുടങ്ങാന്‍ തീരുമാനിച്ചത്. വഴിയോ സ്ഥലമോ തുടങ്ങി വീട്ടിലെത്തുമോ എന്നുപോലും അറിയില്ല. സാംഗ്ലിയിലേക്ക് കരാറുകാരന്‍ തങ്ങളെ എത്തിച്ച വഴി ഓര്‍മയുണ്ടായിരുന്നു. അത് ആലോചിച്ചാണ് യാത്ര തുടങ്ങിയത്. പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല.

കയ്യില്‍ കിട്ടിയ കുറച്ച് തുണികളും അത്യാവശ്യത്തിന് ബിസ്‌ക്കറ്റും വെള്ളവും കയ്യില്‍ 3000 രൂപയുമെടുത്ത് യാത്ര തുടങ്ങി. രാവും പകലുമില്ലാതെ സൈക്കിള്‍ ചവിട്ടി. തളരുമ്പോള്‍ വിശ്രമിച്ചു. 

നിരവധി സ്ഥലങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പോലീസ് പരിശോധന നടത്തി. കാര്യം പറഞ്ഞപ്പോള്‍ പോവാന്‍ അനുവദിച്ചു. ചിലര്‍ ഭക്ഷണവും വെള്ളവും തന്നു. 200ലധികം കി.മീ സൈക്കിള്‍ ചവിട്ടിയ ദിവസമുണ്ട്. വഴിയില്‍ കണ്ട ചിലര്‍ കുറുക്കുവഴികള്‍ പറഞ്ഞുതന്നു. ദൂരം കുറയ്ക്കാന്‍ ഇത് സഹായിച്ചു. 

സൈക്കിള്‍ ബ്രേക്ക് പൊട്ടുമോ, ടയര്‍ പഞ്ചറാവുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഏഴ് ദിവസത്തിനുശേഷം വീട്ടിലെത്തി. ഓര്‍ക്കുമ്പോള്‍ ഒരു സാഹസികത ചെയ്‌തെത്തിയതുപോലെ- മഹേഷ് പറഞ്ഞു. 

Courtesy: Hindustan Times