കാബൂൾ: കാബൂളിലേക്കുള്ള ഇന്ത്യന്‍ വിമാനം നേരത്തെയാക്കി എയര്‍ ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനമാണ് നേരത്തെയാക്കിയത്. അടിയന്തര യാത്രക്കായി വിമാനങ്ങള്‍ പറത്താന്‍ തയ്യാറായിരിക്കണമെന്ന് എയര്‍ ഇന്ത്യക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വിമാനങ്ങള്‍ക്കാണ് തയ്യാറായിരിക്കാന്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കാബൂളിലെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് രാത്രി 8.30ന് പുറപ്പെടേണ്ട എയര്‍ഇന്ത്യ വിമാനത്തിന്റെ സമയം ഉച്ചക്ക് 12.30ലേക്ക് പുനക്രമീകരിച്ചിട്ടുണ്ട്.

കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്. 

ഇതില്‍ 129 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തിയിരുന്നു. താലിബാനുമായുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയുംപെട്ടെന്ന് അഫ്ഗാന്‍ വിടാന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പുനല്‍കിയിരുന്നു. 

അടിയന്തര സാഹചര്യത്തില്‍ ആവശ്യമായി വന്നാല്‍ വ്യോമസേനയുടെ സി -17 വിമാനവും ഇന്ത്യക്കാരെ അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്‌. അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെയും പ്രതിനിധികളുടെയും ജീവന്‍ അപകടത്തിലാക്കാന്‍ താലിബാന് അവസരം കൊടുക്കില്ലെന്നും അതിനായി ഇന്ത്യന്‍ വിമാനങ്ങള്‍ തയ്യാറാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

'അഫ്ഗാനിസ്ഥാനിലെ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരുടെ ജീവന്‍ തങ്ങള്‍ അപകടത്തിലാക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

content highlights: India Trying To Evacuate Hundreds from Afghanistan,asked to put Two Aircraft on Standby