ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകളെ നിരീക്ഷിക്കാന്‍ മാലദ്വീപില്‍ ഇന്ത്യ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മോദി മാലദ്വീപില്‍ എത്തിയിട്ടുണ്ട്. ശനിയും ഞായറുമാണ് മോദിയുടെ സന്ദര്‍ശനം. ശനിയാഴ്ച റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കും. ഇതോടൊപ്പം മാലദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും ചേര്‍ന്നാണ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക. 10 തീരനിരീക്ഷണ റഡാറുകളാണ് ഇന്ത്യ മാലദ്വീപില്‍ സ്ഥാപിച്ചിട്ടുള്ളത്. പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സാണ് റഡാറുകള്‍ നിര്‍മിച്ചത്. മാലദ്വീപിന് പുറമെ ഇന്ത്യന്‍ മഹാസുദ്രത്തിലെ ദ്വീപ രാജ്യങ്ങളായ ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ റഡാറുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മോദിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും മാലദ്വീപും തമ്മില്‍ ഇന്ത്യന്‍ മഹാസുദ്രമേഖലയില്‍ കൂടി കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള കരാറും ഒപ്പുവെക്കും.
മാലദ്വീപിന്റെ തലസ്ഥാന നഗരം സ്ഥിതിചെയ്യുന്ന വില്ലിങ്ങിലി ദ്വീപിലുള്ള കേന്ദ്രത്തില്‍ നിന്നാകും റഡാറുകള്‍ നിയന്ത്രിക്കുക. മാലദ്വീപിന്റെ സമുദ്രതീരത്തോട് ചേര്‍ന്ന എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണ്‍ നിരീക്ഷിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. എന്നാല്‍ ഈ മേഖലയില്‍ കൂടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ഇന്ത്യയിലേക്കും വരുന്ന കടല്‍വഴിയുള്ള ആക്രമണങ്ങള്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും.
ചൈനീസ് നാവികസേനയുടെ അന്തര്‍വാഹിനി അടുത്തിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയത് ഇന്ത്യന്‍ നാവിക സേന കണ്ടെത്തിയിരുന്നു. ദോക്‌ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം യുദ്ധസജ്ജരായി നിലയുറപ്പിച്ച സമയത്ത് ചൈനയുടെ 14 യുദ്ധക്കപ്പലുകളും ഏഴോളം അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഒരു ചൈനീസ് അന്തര്‍വഹിനി ഇന്ത്യന്‍ മഹാസുദ്രത്തില്‍ എത്തുന്നത്.
കടല്‍കൊള്ളക്കാരെ നേരിടുന്നതിനെന്ന പേരില്‍ ഇന്ത്യന്‍ മഹാസുദ്രത്തില്‍ ചൈന യുദ്ധക്കപ്പലിനെ വിന്യസിച്ചിട്ടുണ്ട്. ഏദന്‍ കടലിടുക്കിനടുത്താണ് ചൈനീസ് യുദ്ധക്കപ്പല്‍ പ്രവര്‍ത്തനം നടത്തുന്നത്.
ഇന്ത്യന്‍ മഹാസുദ്രത്തിലെ ദ്വീപരാഷ്ട്രങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ചൈനീസ് തന്ത്രത്തില്‍ ഇന്ത്യയ്ക്ക് വളരെയേറേ ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് മാലദ്വീപില്‍ തീരനിരീക്ഷണ റഡാര്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടത്. എന്നാല്‍ ചൈനീസ് പക്ഷപാതിയായ അബ്ദുള്ള യമീന്‍ പ്രസിഡന്റായിരിക്കെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോയി. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യമീന്‍ പരാജയപ്പെടുകയും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് ഇന്ത്യയുടെ പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്.
Content Highlights: India, China's Warships, Maldives, Radar, Indian Navy, PM Narendra Modi