ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് അറിയാന്‍ ഇന്ത്യ അമേിക്കന്‍ സഹായം തേടുന്നു. പഠാന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരരില്‍ നിന്ന് അമേരിക്കന്‍ നിര്‍മിത ഉപകരണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഐഎ അമേരിക്കന്‍ സഹായം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്.

പഠാന്‍കോട്ട് ആക്രമണം നടത്തിയ ഭീകരരില്‍ നിന്ന് കണ്ടെത്തിയ ബൈനോക്കുലറുകള്‍ അമേരിക്കന്‍ നിര്‍മിതമാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് മിലിട്ടറി ഉപയോഗിക്കുന്ന ബൈനോക്കുലറുകളാണ് ഇവ. ഇവ കൂടാതെ ഭീകരര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങള്‍ അമേരിക്കന്‍ നിര്‍മിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളത്തില്‍ നിന്നോ പാക് സൈന്യത്തില്‍ നിന്നോ തട്ടിയെടുത്തതാകും ഇവയെന്നാണ് നിഗമനം. ഉപകരണങ്ങളുടെ സീരിയല്‍ നമ്പറുകള്‍ ഉപയോഗിച്ച് ബൈനോക്കുലറുകള്‍ എവിടെ നിന്ന് ലഭിച്ചു എന്ന് സ്ഥിരീകരിക്കാനാണ് ശ്രമം. ഇതിലൂടെ ആക്രമണത്തിലെ പാക് പങ്ക് സ്ഥിരീകരിക്കാനാകുമന്നാണ് കരുതുന്നത്.

നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്. പഠാന്‍കോട്ട് ആക്രമണത്തില്‍ ഭീകരര്‍ക്ക് വിവരങ്ങളെത്തിച്ചു എന്ന് സംശയിക്കുന്നയാളാണ് സല്‍വീന്ദര്‍ സിങ്.

അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും സെക്രട്ടറിമാര്‍ ഫോണില്‍ ആശയവിനിമയം നടത്തി. ഈ മാസം അവസാനം ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്.