പ്രതീകാത്മക ചിത്രം | Photo: AP
ന്യൂഡല്‍ഹി: ആസ്ട്രസെനെക കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പാര്‍ശ്വഫലങ്ങള്‍ ഇന്ത്യ വിശദമായി പരിശോധിക്കുമെന്ന് ഐസിഎംആര്‍. വാക്സിനെടുത്തവരിലുള്ള പാര്‍ശ്വഫലങ്ങള്‍ വിദഗ്ധ സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ഐസിഎംആറിന് കീഴിലുള്ള നാഷണല്‍ ടാസ്ക് ഫോഴ്സ് അംഗം ഡോ. എന്‍.കെ അറോറ പറഞ്ഞു.
വാക്സിന് കുത്തിവെപ്പെടുത്തവരില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ഡെന്മാര്ക്ക്, നോര്‍വെ, ഐസ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആസ്ട്രസെനെക വാക്സിന്റെ ഉപയോഗം താത്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഐസിഎംആര്‍ പ്രതിനിധിയുടെ പ്രതികരണം.
എല്ലാ പാര്‍ശ്വഫലങ്ങളും ഞങ്ങള്‍ പരിശോധിക്കും. പ്രധാനമായും ഗുരുതര പാര്‍ശ്വഫലങ്ങളായ മരണം, ആശുപത്രി പ്രവേശനം എന്നിവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. ആശങ്കാജനകമായ എന്തെങ്കിലും കണ്ടെത്തിയാല്‍ അക്കാര്യം അറിയിക്കുമെന്നും എന്‍.കെ അറോറ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
ഇന്ത്യയില്‍ വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായതിനാല്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിച്ച് രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രക്തം കട്ടംപിടിച്ച സംഭവം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒക്സ്ഫഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനെകയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയില്‍ കോവിഷീല്‍ഡിനും കോവാക്സിനും അടിയന്തര ഉപയോഗത്തിനിനുള്ള അനുമതി നല്‍കിയത്.
content highlights: india to review astrazeneca vaccine side effects after blood clot concerns
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..