ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാന്‍ 20,000 കോടിരൂപയുടെ വിമാനകരാര്‍ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം. സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് സ്‌പേസ് ആന്‍ഡ് സ്‌പേസുമായാണ് കരാര്‍.

ഇതുപ്രകാരം, 56 c-295 മീഡിയം സൈനിക വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭിക്കും. ഇപ്പോഴുള്ള  Avro-748-ന് പകരക്കാരനായാണ് c-295 മീഡിയം വിമാനങ്ങള്‍ എത്തുന്നത്. 5-10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ക്ക്‌ സംഘര്‍ഷ മേഖലകളിലേക്ക് സൈനികരെയും വസ്തുക്കളെയും എത്തിക്കാന്‍ സാധിക്കും. 

16 എണ്ണത്തിന്റെ നിര്‍മാണം സ്‌പെയിനില്‍, ബാക്കി ഇന്ത്യയില്‍ 

കരാര്‍ ഒപ്പിട്ട് 48 മാസത്തിനള്ളില്‍, നിര്‍മാണം പൂര്‍ത്തിയാക്കിയ 16 വിമാനങ്ങള്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കമ്പനി ഇന്ത്യക്ക് കൈമാറും. ബാക്കി 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ്- ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റ(ടി.എ.എസ്.എല്‍.)ഡ് കണ്‍സോര്‍ഷ്യമാണ് ഈ നാല്‍പ്പതു വിമാനങ്ങള്‍ നിര്‍മിക്കുക. കരാര്‍ നിലവില്‍ വന്ന് പത്തുവര്‍ഷത്തിനുള്ളിലാണ് ഈ നാല്‍പ്പത് വിമാനങ്ങള്‍ നിര്‍മിച്ച് സേനയ്ക്ക് കൈമാറേണ്ടത്. ഇതാദ്യമായാണ് സൈനിക വിമാനങ്ങള്‍ ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി നിര്‍മിക്കുന്നത്. 

ചരിത്രപരമായ കരാറിനെ അഭിനന്ദിച്ച് രത്തന്‍ ടാറ്റ

കരാറിനു പിന്നാലെ എയര്‍ബസ് ഡിഫന്‍സ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, പ്രതിരോധ മന്ത്രാലയം എന്നിവരെ അഭിനന്ദിച്ച് ടാറ്റാ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ രംഗത്തെത്തി. എയര്‍ബസ് ഡിഫന്‍സും ടി.എ.എസ്.എല്ലുമായുള്ള സംയുക്ത സംരംഭത്തെ മഹത്തായ ചുവടുവെപ്പ് എന്നാണ് ടാറ്റ വിശേഷിപ്പിച്ചത്. 

അനുമതി ലഭിച്ചത് രണ്ടാഴ്ച മുന്‍പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തലവനായ സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് കമ്മിറ്റി രണ്ടാഴ്ച മുന്‍പാണ് കരാറിന് അനുമതി നല്‍കിയത്. ഇതിനു പിന്നാലെയാണ് കരാര്‍ ഒപ്പിട്ടത്. കാലപ്പഴക്കം ചെന്ന അവ്‌റോ 748-ന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം ഒന്‍പതു കൊല്ലം മുന്‍പേ ആരംഭിച്ചിരുന്നു. 

content highlights: india to procure C-295' medium transport aircraft from airbus defence and space of spain