ഗോതാബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ജനം ഇരച്ചുകയറിയപ്പോൾൽ.ഫയൽ ഫോട്ടോ
ന്യൂഡല്‍ഹി: രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ത്യ ഇടപെടുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളായ എഐഡിഎംകെ, ഡിഎംകെ എന്നിവയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ വിളിച്ച സർവകക്ഷിയോഗത്തില്‍ ഇന്ത്യ ഇടപെടണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ നേരിടുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന പ്രശ്നങ്ങളാണ് സർവകക്ഷിയോഗത്തില്‍ പങ്കെടുത്ത ഡിഎംകെ, എഐഡിഎംകെ നേതാക്കള്‍ അറിയിച്ചത്. ശ്രീലങ്കയിലേക്ക് അവശ്യസാധനങ്ങള്‍ അയച്ച് സഹായിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ഇന്ത്യ നേരിട്ട് ഇടപെട്ടിരുന്നില്ല.
ശ്രീലങ്കയിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നാണ് കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞത്. നിലവില്‍ ശ്രീലങ്കയില്‍നിന്നുള്ള കുടിയേറ്റ പ്രതിസന്ധി ഇല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ എല്ലായിപ്പോഴും ശ്രീലങ്കന്‍ ജനതയ്ക്ക് ഒപ്പമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, ഭരണഘടന നിഷ്കര്‍ഷിക്കുന്നതുപോലെ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ അവിടെ ഉണ്ടാകട്ടേയെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക സഹായം കൈമാറിയതിന് പുറമേ, ഇന്ത്യയുടെ അയല്ക്കാർക്ക് മുഖ്യപരിഗണന നല്‍കുക എന്ന നയതന്ത്ര നിലപാടില്‍ ശ്രീലങ്കയ്ക്ക് വലിയ പ്രാമുഖ്യമാണുള്ളതെന്നും ഇന്ത്യ വ്യക്തമാക്കി.
രാജ്യത്തെ അവസ്ഥയില്‍ പ്രതിഷേധിച്ചുള്ള ജനങ്ങളുടെ പ്രക്ഷോഭം നൂറ് ദിവസം പിന്നിട്ടു. പ്രസിഡന്റ് ഗോതബായ രജപക്സേ രാജ്യം വിടുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇത്രമേല്‍ രൂക്ഷമാക്കിയത് രജപക്സേയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..