ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുത്ഭവിച്ച് പാകിസ്താനിലൂടെ ഒഴുകുന്ന രവി, ഉജ്ജ് നദികളിലെ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം വഴിതിരിച്ചുവിടാനൊരുങ്ങി ഇന്ത്യ. അടുത്ത ഡിസംബര്‍ മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രവിയുടെ പോഷകനദിയായ ഉജ്ജ് നദിയിലെ രണ്ട് ടിഎംസി ജലം തഞ്ഞുനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ കത്വ ജില്ലയിലൂടെയാണ് നദി ഒഴുകുന്നത്.

സിന്ധു നദീജല കരാര്‍ പ്രകാരം രവി, സത്ലജ്,  ബിയാസ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്. 2016ലെ ഉറി ആക്രമണത്തിനു ശേഷം മേഖലയിലെ ജലപദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാകിസ്താനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

പാകിസ്താനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യക്ക് അവകാശപ്പെട്ട ജലം ഇവിടെത്തന്നെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ഉത്തരാഖണ്ഡില്‍ മൂന്ന് ഡാമുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: India to divert water of Ravi, Ujh rivers flowing into Pakistan from December