ലഖ്‌നൗ: യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന പുതിയ മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു. 200 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രണാഷ് എന്നാണ് മിസൈലിന് പേരിട്ടിരിക്കുന്നത്. 

നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാഷ്. 150 കിലോമീറ്ററാണ് പ്രഹാറിന്റെ പ്രഹര പരിധി. ഇതിനേക്കാള്‍ പ്രഹരപരിധി കൂടിയ മിസൈല്‍ വേണമെന്ന സേനയുടെ ആവശ്യം പരിഗണിച്ചാണ് പ്രണാഷിന്റെ നിര്‍മാണം അണിയറയില്‍ ഒരുങ്ങുന്നത്. 

പ്രണാഷ് മിസൈലിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. 2021ല്‍ മിസൈലിന്റെ പരീക്ഷണങ്ങള്‍ ആരംഭിക്കും. ഒരു ഘട്ടം മാത്രമുള്ള ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനായിരിക്കും മിസൈലിനുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍.

ഹൃസ്വദൂര മിസൈലായ പൃഥ്വിക്ക് പകരക്കാരാനാകാനാണ് പ്രഹാര്‍ മിസൈല്‍ അണിയിച്ചൊരുക്കിയത്. പൃഥ്വി ദ്രവ ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ്. അടിയന്തര ഘട്ടങ്ങളില്‍ പെട്ടന്ന് തയ്യാറാക്കി വിക്ഷേപിക്കാന്‍ ഇതിനാല്‍ സാധിക്കില്ല. ഇതേതുടര്‍ന്നാണ് ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ നിര്‍മിക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചത്. ഖര ഇന്ധനമുപയോഗിക്കുന്ന മിസൈലുകള്‍ വളരെ പെട്ടന്ന് ഉപയോഗിക്കാന്‍ സാധിക്കും.

പ്രണാഷ് മിസൈല്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ സുഹൃദ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും ഡിആര്‍ഡിഒയ്ക്ക് പദ്ധതിയുണ്ട്. സമാനമായ പ്രഹരപരിധിയുള്ള ലോകത്തെ മറ്റ് മിസൈലുകളേക്കാള്‍ വിലകുറഞ്ഞതും കാര്യക്ഷമവുമാണ് പ്രണാഷെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.

മാത്രവുമല്ല ആയുധ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 35,000 കോടിയുടെ ആയുധ കയറ്റുമതി എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയുധ കയറ്റുമതിയില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ എത്തിപ്പെടുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍.

Content Highlights: INDIA TO DEVELOP PRANASH A 200-KM RANGE TACTICAL BALLISTIC MISSILE