Heron UAV | Photo:ANI
ന്യൂഡൽഹി: ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ സേനയുടെ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ സേനക്ക് ലഭ്യമാക്കുന്നത്. ഇതോടെ ലഡാക്ക് മേഖലയിലും ചൈനയുമായി അതിർത്തി പങ്കിടുന്ന മറ്റുഭാഗങ്ങളിലുമുളള ചൈനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷതയോടെ നിരീക്ഷിക്കാൻ ഇന്ത്യൻ സേനക്ക് സാധിക്കും.
കോവിഡ് മഹാമാരിയെ തുടർന്ന് കാലതാമസമെടുത്തുവെങ്കിലും ഇന്ത്യൻ സൈന്യത്തിന് താമസിയാതെ ഡ്രോണുകൾ ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലുളള ഹെറോണിനേക്കാൾ മികച്ച ഹെറോൺ ഡ്രോണുകളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. പുതിയ ഡ്രോണുകളുടെ ആന്റി ജാമിങ് ശേഷി കഴിഞ്ഞ പതിപ്പിനേക്കാൾ വളരെയധികം മികച്ചതാണ്.
മോദി സർക്കാർ പ്രതിരോധമേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയഡ്രോണുകൾ സ്വന്തമാക്കുന്നത്. ഇതുപ്രകാരം തങ്ങളുടെ ശേഷി ഉയർത്തുന്നതിനായി പ്രതിരോധമേഖലയ്ക്ക് 500 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും വാങ്ങാനായി സാധിക്കും.
യുഎസിൽ നിന്ന് വാങ്ങിയ ചെറുഡ്രോണുകൾ സൈന്യത്തിന് ബറ്റാലിയൻതലത്തിൽ നൽകും. കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുകൾ പ്രത്യേക ലൊക്കേഷനുമായി ബന്ധപ്പെട്ട അവബോധം നേടുന്നതിനായി ഉപയോഗിക്കും.
ബാലാക്കോട്ട് വ്യോമാക്രമണം നടന്ന 2019-ലാണ് ഇതിനുമുമ്പ് ഇത്തരത്തിലുളള സൗകര്യങ്ങൾ സൈന്യത്തിന് ലഭ്യമാക്കിയത്. അമേരിക്കൻ കമ്പനിയായ ജനറൽ അറ്റോമിക്സിൽ നിന്ന് രണ്ടു പ്രെഡേറ്റർ ഡ്രോണുകൾ ഇന്ത്യൻ നാവികസേന ഇതേ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വാടകയ്ക്ക് എടുത്തിരുന്നു. ഇന്ത്യൻ വ്യോമസേനയും സമാനമായ അധികാരം ഉപയോഗിച്ച് നിരവധി ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും, ലോങ്റേഞ്ച് പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും സ്വന്തമാക്കിയിരുന്നു.
Content Highlights:India to deploy Israeli Heron drones in Ladakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..