ന്യൂഡല്‍ഹി: ചൈനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വിയറ്റ്‌നാമില്‍ ഇന്ത്യ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഹോചിമിന്‍ സിറ്റിയിലാണ് പുതിയ ഉപഗ്രഹ കേന്ദ്രം വരുന്നത്. പുതിയ ഉപഗ്രഹ കേന്ദ്രം ഐ. എസ്. ആര്‍. ഒ.യാണ് നിര്‍മ്മിക്കുക. വിയറ്റ്‌നാമുമായി ഇന്ത്യ ഉണ്ടാക്കിയിട്ടുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് വിയറ്റ്‌നാമിന് മേഖലയുടെ ഉപഗ്രഹ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. വിയറ്റ്‌നാം- ചൈന അതിര്‍ത്തി, ദക്ഷിണ ചൈന കടല്‍ എന്നിവയുടെ ഉപഗ്രഹ ചിത്രങ്ങള്‍ വിയറ്റ്‌നാമിന് അനായാസം ലഭ്യമാകും.
കാര്‍ഷിക മേഖല, പരിസ്ഥിതി തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിയറ്റ്‌നാമിലെ ഉപഗ്രഹ കേന്ദ്രം സ്ഥാപിക്കുന്നതെങ്കിലും സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഉപഗ്രഹ ചിത്രീകരണം. അതിനാല്‍ ഇന്ത്യയുടെ നടപടി ചൈനയെ പ്രകോപിപ്പിക്കുമെന്നുറപ്പ്. ദക്ഷിണ ചൈന കടല്‍ വിഷയത്തില്‍ ചൈനയും വിയറ്റ്‌നാമും തര്‍ക്കത്തിലായതിനാല്‍ ഇവിടം ഉപഗ്രഹ മാപ്പിംഗിന് വിധേയമാകുന്നത് ചൈനയക്ക് അംഗീകരിക്കാന്‍ സാധിക്കുകയില്ല.
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേണങ്ങള്‍ നിരീക്ഷിക്കാനും ഐ.എസ്.ആര്‍.ഒ പുതിയ കേന്ദ്രം ഉപയോഗിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ബ്രൂണെ, ഇന്തോനേഷ്യ, മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ കേന്ദ്രങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഉപഗ്രഹ വിക്ഷേപണങ്ങള്‍ നിരീക്ഷിക്കുക മാത്രമാണ് അവയുടെ ചുമതല.