ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വന്‍ സാമ്പത്തിക ശക്തിയാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സാമ്പത്തികമായി തിരിച്ചടിയുണ്ടാവുന്ന സമയത്ത് പോലും അതിനെ വിജയകരമായി നേരിടാനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൈവരിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.

ന്യൂഡല്‍ഹിയല്‍ ആസിയാന്‍ ഇന്ത്യ ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് എക്സ്പോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേടിയെടുത്തത്. ആഗോള രാജ്യങ്ങള്‍ സാമ്പത്തികമായി തളരുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച 4.5 മുതല്‍ അഞ്ച് ശതമാനം വരെയാണ്.

മലേഷ്യ, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, ഇന്‍ഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയിലടക്കം നിക്ഷേപത്തിനായി വലിയ അവസരം തന്നെയാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.