ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മിസൈല്‍ സാങ്കേതിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മിസൈല്‍ നിര്‍മ്മാണത്തില്‍ 35 മുതല്‍ 40 ശതമാനം വരെ ചെലവ് കുറവും ഇതോടെ രാജ്യത്തിനുണ്ടാവും.
എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒയോട് ആവശ്യപ്പെട്ടത് 2022 ആകുമ്പോഴേക്കും മിസൈല്‍ നിര്‍മാണത്തില്‍ നിര്‍ണായക സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് സ്വാശ്രയത്വം കൈവരിക്കണമെന്നായിരുന്നു. നിര്‍ദേശിച്ച കാലയളവിനും രണ്ട് വര്‍ഷം മുമ്പ് 2020 ആകുമ്പോഴേക്കും ഡിആര്‍ഡിഒ ആ ലക്ഷ്യത്തിലെത്തുമെന്നാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്.
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിലൂടെ അതുല്യമായ നേട്ടമാണ് ഡിആര്‍ഡിഒയും അതിലൂടെ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈല്‍ നിയന്ത്രണ സംവിധാനമാണ്(സീക്കര്‍) ബ്രഹ്മോസില്‍ ഉപയോഗിച്ചത്. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണം കൃത്യമായ ലക്ഷ്യത്തിലെത്തിയതോടെ റഷ്യയില്‍ നിന്നുള്ള സീക്കറുകളുടെ സഹായം ഇനി ഇന്ത്യക്ക് തേടേണ്ടിവരില്ല. വളരെ ചെലവ് കൂടുതലുള്ള റഷ്യന്‍ സീക്കറുകള്‍ ഉപേക്ഷിക്കുന്നതോടെ മിസൈല്‍ നിര്‍മ്മാണത്തില്‍ 15,000 മുതല്‍ 20,000 കോടിയുടെ കുറവാണ് ഇന്ത്യക്കുണ്ടാവുക.
സീക്കറുകളിന്മേല്‍ കൂടുതല്‍ നൂതനപരീക്ഷണങ്ങള്‍ നടത്തി സാങ്കേതികവിദ്യ മെച്ചപ്പെടുത്താനാണ് ഡിആര്‍ഡിഒ പദ്ധതിയിട്ടിരിക്കുന്നത്. കൃത്യമായ നീക്കങ്ങളിലൂടെ 2020 ആകുമ്പോഴേക്കും മിസൈല്‍ സാങ്കേതികവിദ്യയില്‍ ഡിആര്‍ഡിഒ സ്വാശ്രയത്വം നേടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു. നിലവില്‍ ദീര്‍ഘദൂര മിസൈല്‍ സാങ്കേതികരംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാണ്.
എന്താണ് സീക്കര്‍
തടസ്സങ്ങള്‍ ഒഴിവാക്കി, നിശ്ചയിച്ച ലക്ഷ്യത്തില്‍ ആക്രമണം നടത്താന്‍ മിസൈലിനെ നയിക്കുന്ന സംവിധാനം. സൂക്ഷ്മമായ ലക്ഷ്യങ്ങളില്‍പ്പോലും കൃത്യമായ ആക്രമണം നടത്താന്‍ മിസൈലിന് ശേഷിനല്‍കുന്നതാണിത്. ഇന്ത്യയില്‍ നിര്‍മിച്ച സീക്കറുകള്‍ ഉപയോഗിക്കുന്നതോടെ ബ്രഹ്മോസിന്റെ നിര്‍മാണച്ചെലവ് കാര്യമായി കുറയും. ഇത് കൂടുതല്‍ വികസിപ്പിച്ച് മറ്റ് ദീര്‍ഘദൂരമിസൈലുകളില്‍ ഉപയോഗിക്കാനും ഇന്ത്യക്ക് കഴിയും.
ബ്രഹ്മോസ് മിസൈല്‍
ഡി.ആര്‍.ഡി.ഒയും ഹൈദരാബാദിലെ റിസര്‍ച്ച് സെന്റര്‍ ഇമാരത്തും (ആര്‍.സി.ഐ.) റഷ്യയുടെ എന്‍.പി.ഒ. മഷിനോസ്ട്രോയേനിയയും ചേര്‍ന്നാണ് ബ്രഹ്മോസ് വികസിപ്പിച്ചത്. കരയില്‍നിന്നും കടലില്‍നിന്നും വിക്ഷേപിക്കാനാകും. കഴിഞ്ഞ നവംബറില്‍ സുഖോയ്-30 എം.കെ.ഐ. യുദ്ധവിമാനത്തില്‍നിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. ആദ്യമായാണ് സൂപ്പര്‍സോണിക് മിസൈല്‍ പോര്‍വിമാനത്തില്‍ ഘടിപ്പിച്ച് വിജയകരമായി പരീക്ഷിച്ചത്.
ഒമ്പതുമീറ്റര്‍ നീളമുള്ള മിസൈലിന് 300 കിലോവരെയുള്ള പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസിന് ശബ്ദത്തെക്കാള്‍ മൂന്നിരട്ടിവേഗത്തില്‍ കുതിക്കാനാകും.
Content Highlights: India to attain self-reliance in key missile tech by 2020