ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. ഇത്തരം എന്‍.ജി.ഒകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് വിസ ഉള്‍പ്പെടെയുള്ളവ അനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ടാകും. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇത്തരക്കാര്‍ക്ക് വിസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകു.

ചൈനീസ് ബന്ധമുള്ള സാംസ്‌കാരിക- വാണിജ്യ സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പബ്ലിക് പോളിസി ഗ്രൂപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്കാകും വിസ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ചൈനയില്‍ നിന്ന് സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്ന ഇത്തരക്കാര്‍ക്ക് വിസ നല്‍കുന്നത് കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. 

മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ താത്പര്യങ്ങളും ചിന്തകളും എത്തിക്കുകയും ആ രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഇത്തരം എന്‍.ജി.ഒകള്‍ വഴി നടപ്പിലാക്കുന്നതെന്നാണ് വിവരം. ഇത്തരത്തില്‍ നിരവധി സംഘടനകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇവര്‍ക്ക് എല്ലാവിധ പിന്തുണയും ചൈനയില്‍ നിന്നാണ് ഉള്ളത്. നയരൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍, ചിന്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വളര്‍ന്നുവരുന്ന നേതാക്കള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി ഇത്തരം സംഘടനകള്‍ മുഖേനെ ഇന്ത്യയിലേക്ക് വിസകള്‍ സംഘടിപ്പിക്കുകയാണ് ചൈന ചെയ്യുന്നത്. ഈ സംഘടനകളില്‍ ചിലത് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും ഇന്റലിജന്‍സ് പറയുന്നു.

ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം വന്നിരിക്കുന്നത്. ലക്ഷ്യമിട്ടിരിക്കുന്ന രാജ്യങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിക്കുക എന്നതാണ് ഇതിലൂടെ ചൈന ഉദ്ദേശിക്കുന്നത്.

Content Highlights: India tightens visa rules for groups linked to Chinese think tanks based on intelligence reports