ഭുവനേശ്വര്‍: യുദ്ധ വിമാനത്തില്‍ നിന്ന് ദീര്‍ഘദൂര ശേഷിയുള്ള ബോംബ്  (LRB) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയുടെ തീരത്തെ ആകാശത്തുനിന്നാണ് ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരുന്ന ബോംബ് വിജയകരമായി പരീക്ഷിച്ചത്. 

പ്രാദേശികമായി വികസിപ്പിച്ച എല്‍.ആര്‍.ബി പരീക്ഷണത്തിനിടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യോമസേനയുടെയും ഡി.ആര്‍.ഡി.ഒയുടെയും വിദഗ്ധര്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പശ്ചിമബംഗാളിലെ കലൈക്കുണ്ട എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനത്തില്‍ നിന്നാണ് പരീക്ഷണം നടന്നത്. പരീക്ഷണം പൂര്‍ണ വിജയമായിരുന്നെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ. ജി സതീഷ് റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തില്‍ നിര്‍ണായകമാകുന്ന വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡി.ആര്‍.ഡി.ഒയുടെ ഹൈദരാബാദ് ഘടകമായ റിസര്‍ച്ച് സെന്റര്‍ ഇമാറാറ്റ് (ആര്‍.സി.ഐ)യിലാണ് എല്‍.ആര്‍.ബി വികസിപ്പിച്ചത്. പരീക്ഷണം വിജയിപ്പിച്ച ഡി.ആര്‍.ഡി.ഒയിലെയും ഐ.എ.എഫിലെയും ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

Content Highlights: India successfully flight tests long-range bomb from a fighter aircraft