ന്യുഡല്‍ഹി: ഇന്ത്യ-ചൈന നിയന്ത്രണരേഖയിലുടനീളം കരുത്ത് കൂട്ടി ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശത്രുക്കളുടെ വ്യോമാക്രമണം പ്രതിരോധിക്കാന്‍ കഴിയുന്ന നവീകരിച്ച 1960കളിലെ വ്യോമപ്രതിരോധ സംവിധാനം, പുതിയ അള്‍ട്രാലൈറ്റ് ചെറുപീരങ്കികള്‍, പരിഷ്‌കരിച്ച ബോഫോഴ്‌സ് തോക്കുകള്‍ എന്നിവ നിയന്ത്രണരേഖയിലുടനീളം ഇന്ത്യ വിന്യസിച്ചു.

നിയന്ത്രണരേഖ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമായി തുടരുമ്പോള്‍ ഇന്ത്യ അതിര്‍ത്തിയിലെ സൈനികശക്തി ഗണ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചൈനയും നേരത്തെ അതിര്‍ത്തിയില്‍ സൈനികശേഷി വര്‍ധിപ്പിച്ചിരുന്നു. 

നിയന്ത്രണരേഖയിലെ നിരീക്ഷണം വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം അതിര്‍ത്തികളില്‍ കൂടുതല്‍ ജാഗ്രതയ്ക്കായി വിവിധതരം ആളില്ലാ ചെറുവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. തദ്ദേശീയവും ആധുനികവുമായ സാങ്കേതികവിദ്യയുടെ സഹായത്തിനാണ്‌ ഇന്ത്യന്‍ സൈന്യം മുന്‍തൂക്കം നല്‍കുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള റോഡുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയും നല്‍കുന്നുണ്ട്. സുഖോയ്, റഫാല്‍ യുദ്ധവിമാനങ്ങളും വ്യോമതാവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്‌.

ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാന്‍ സൈനികര്‍ തയ്യാറാണെന്ന് അറിയിച്ച് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖയ്ക്ക് സമീപം തവാങ് സെക്ടറില്‍ നിരവധി അഭ്യാസപ്രകടനങ്ങള്‍ നടത്തി. പ്രതികൂല കാലാവസ്ഥയിലും അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപവും ഇന്ത്യന്‍ സൈനികര്‍ തീവ്ര പരിശീലനത്തിലാണ്‌.

അതേസമയം ഇന്ത്യന്‍ സൈന്യത്തിന്റെ ടാങ്ക് വിരുദ്ധ സ്‌ക്വാഡിന്റെ ഒരു സംഘം അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ചൈനയുമായുള്ള അതിര്‍ത്തിക്കടുത്ത് കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങളുമായി സൈനികാഭ്യാസം നടത്തുന്ന വീഡിയോയും പുറത്തുവന്നു. നിയന്ത്രണരേഖയ്ക്ക് സമീപം ആയുധധാരികളായ ഇന്ത്യന്‍ സൈനികര്‍ അഭ്യാസം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനീസ് സൈന്യവും തമ്മില്‍ കഴിഞ്ഞ വര്‍ഷം മെയ് 5 ന് പാങ്കോംഗ് തടാക പ്രദേശത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നിയന്ത്രണരേഖയില്‍ വലിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. ഇതിന് പിന്നാലെ ഇരുവിഭാഗവും ആയിരക്കണക്കിന് സൈനികരെയും ആയുധങ്ങളും നിയന്ത്രണരേഖയില്‍ എത്തിച്ച് തങ്ങളുടെ സൈനികവിന്യാസം ക്രമേണ വര്‍ദ്ധിപ്പിക്കുകയാണ്. സൈനികതലത്തിലും ദേശീയതലത്തിലും പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അഭിപ്രായഭിന്നത പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. 

Content Highlights: India strengthens their firepower along the line of actual control; videos of army exercises out