ന്യൂഡല്‍ഹി: എണ്ണവിലയിലുണ്ടാകുന്ന നിരന്തര വര്‍ധന നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം സൗദി അറേബ്യയുടെ വ്യവസായ വകുപ്പ് മന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില ബാരലിന് 80 ഡോളറിനോട് അടുത്തുകൊണ്ടിരിക്കുകന്ന സാഹചര്യത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ സൗദി അറേബ്യന്‍ വ്യവസായ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിയുമായി വ്യാഴാഴ്ച ഫോണില്‍ ബന്ധപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും എണ്ണ വിപണിയുടെ നിലവിലെ സാഹചര്യം സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഇതെന്ന് ഔദ്യോഗിക വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

എണ്ണവില ഉയരുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതികരണത്തില്‍ മോശം പ്രവണതയാണ് ഉണ്ടാക്കിയിട്ടുള്ളത്. സ്ഥിരതയുള്ളതും ന്യായവുമായ എണ്ണ വില ഉറപ്പാക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള ഉത്കണ്ഠ ധര്‍മേന്ദ്ര പ്രധാന്‍ സൗദി അറേബ്യയെ അറിയിച്ചു. വിലക്കയറ്റം പിടിച്ചനിര്‍ത്തുന്ന കാര്യത്തില്‍ ഇടപെടല്‍ നടത്താമെന്നും ഉദ്പാദകരുമായി ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും സൗദി ഉറപ്പുനല്‍കിയതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Content Highlights: India speaks saudi arabia, oil prices