ന്യൂഡല്‍ഹി: യുഎസ്സില്‍ നിന്ന് നാവിക സേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. യുഎസ് നാവിക സേനയുടെ മധ്യസ്ഥതയിലാണ് കരാര്‍. ഇന്ത്യന്‍ നാവിക സേന ആവശ്യപ്പെട്ട തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഹെലികോപ്റ്ററുകള്‍ എത്തുക.
യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് 90.5 കോടി ഡോളറിന്റെ കരാര്‍(6832കോടിരൂപ) ഇന്ത്യ ഒപ്പിട്ടിരുന്നു. കാലഹരണപ്പെട്ട ഇന്ത്യന്‍ നേവി സീ കിംഗ് ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് എംഎച്ച് 60ആര്‍ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. യുകെയില്‍ നിന്ന് 1971ലാണ് എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യ ആദ്യമായി വാങ്ങിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ്, പാകിസ്താന്‍ അന്തര്‍വാഹിനികളുടെയും യുദ്ധക്കപ്പലുകളുടെയും സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്ററുകള്‍ പ്രധാനമായും ഉപയോഗിക്കുക.
2019 ഏപ്രിലില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ 260 കോടി ഡോളറായിരുന്നു കരാറിന്റെ മൂല്യം. എന്നാല്‍ ഇപ്പോള്‍ കരാര്‍ യാഥാര്‍ഥ്യമായതോടെ തുക ഇതിന്റെ പകുതിയായി കുറഞ്ഞു.
കരാറിന്റെ മൊത്തത്തിലുള്ള മൂല്യം പ്രഖ്യാപിച്ച 2.6 ബില്യണ്‍ ഡോളറിന്റെ പാക്കേജിന്റെ പകുതിയില്‍ താഴെമാത്രമാണ്. ഹെലികോപ്റ്ററുകള്‍, അവയുടെ സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി അത്യാധുനിക ആയുധ സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും തുക വരുന്നത്. കപ്പലുകള്‍, എംകെ 54 ടോര്‍പ്പിഡോകള്‍, റോക്കറ്റുകള്‍ എന്നിവയെയൊക്കെ ലക്ഷ്യമിടാവുന്ന ആയുധ സംവിധാനങ്ങളാണിവ.
നോര്‍വീജിയന്‍ കമ്പനിയായ കോങ്‌സ്ബെര്‍ഗ് ഡിഫന്‍സ് & എയ്‌റോസ്‌പേസ് ആണ് വികസിപ്പിച്ചെടുത്തത്. നേവല്‍ സ്‌ട്രൈക്ക് മിസൈല്‍ (എന്‍എസ്എം) പ്രയോഗിക്കാന്‍ ഇവയ്ക്ക് കഴിയും. 185 കിലോമീറ്റര്‍ പരിധിയിലുള്ള യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഇവയും ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മിസൈല്‍ പ്രയോഗിച്ച് പരിശീലനം നേടുന്നതിനായി എന്‍.എസ്.എം ട്രെയിനിങ് മിസൈല്‍ ഹെലികോപ്റ്റര്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചിരുന്നു.
ഇതുള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളുമായി ഹെലികോപ്്റ്റര്‍ വാങ്ങാനുള്ള കൂടിയാലോചനകള്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
യുഎസില്‍ നിന്നുള്ള ആദ്യത്തെ എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ അടുത്ത വര്‍ഷം എത്തും. ഇതിനുമുമ്പ് ഇത് ഉപയോഗിക്കാനുള്ള പരിശീലനം യു.എസ് നേവി ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയര്‍ യുദ്ധക്കപ്പലുകളില്‍ ആധുനിക അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള ഹെലികോപ്റ്ററുകള്‍ ഇല്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നാവിക സേനയുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണെന്നാണ് നീവികസേനയുടെ നിലപാട്.
content highlights: India signs Chopper deal with US