ന്യൂഡല്‍ഹി: നിയന്ത്രിത യുദ്ധം നടത്തി പാകിസ്താനെ പാഠം പഠിപ്പിക്കണമെന്ന് ജമ്മുകശ്മീരിലെ ബിജെപി മന്ത്രി ചൗധരി ലാല്‍സിങ്. കഴിഞ്ഞ ദിവസം പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രകോപനപരമായ പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത് വന്നത്. 

ഇന്ത്യയുമായുള്ള ഏതൊരു ഏറ്റുമുട്ടലുകളും പാകിസ്താന് താങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ളവയായിരിക്കണമെന്നും അതൊരു നിയന്ത്രിത യുദ്ധമായിരിക്കണമെന്നും ലാല്‍ സിങ് പറഞ്ഞു. വിവിധതരത്തിലുള്ള സൈനിക നീക്കങ്ങള്‍ പരിഗണിച്ച് എത്രയും പെട്ടന്ന് അവ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഓരോനിമിഷവും ശത്രുക്കളുടെ വെടിയേറ്റ് നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ ചര്‍ച്ചകള്‍ നടത്താനാണ് ചിലര്‍ക്ക് താല്‍പര്യമെന്നും ലാല്‍സിങ് പറയുന്നു. സംസ്ഥാനത്തെ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ കണ്ണുകെട്ടിയിരിക്കുകയാണെന്നും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാകിസ്താനുമായി ചര്‍ച്ചനടത്തണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും ലാല്‍ സിങ് ആരോപിക്കുന്നു. 

പാകിസ്താനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെ തടയുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാല്‍ കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ വാക്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെവികൊടുക്കരുതെന്നും ചൗധരി ലാല്‍ സിങ് ആവശ്യപ്പെട്ടു.