ന്യൂഡല്‍ഹി: ദക്ഷിണ ചൈനാ കടലിലേക്ക് ഈമാസം തന്നെ യുദ്ധക്കപ്പലുകള്‍ അയയ്ക്കാനൊരുങ്ങി ഇന്ത്യ. അടുത്ത സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് നടപടി. ദക്ഷിണ ചൈന കടലില്‍ ചൈനയെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന നീക്കത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്.

ചൈനയുടെ ശത്രുതയ്ക്ക് ഇടയാക്കുന്ന നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയോടെയാണ് നേരത്തെ മുതല്‍ നടത്താറുള്ളത്. എന്നാല്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അന്തരീക്ഷം മാറിയിട്ടുണ്ട്. അമേരിക്കയുമായി ചേര്‍ന്ന് ചൈനക്കെതിരായ നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ തുടങ്ങിയിട്ടുണ്ട്.

നാല് യുദ്ധക്കപ്പലുകളെയാവും രണ്ട് മാസക്കാലം ദക്ഷിണ ചൈനാ കടലില്‍ അടക്കം വിന്യസിക്കുക. ഇവയില്‍ ഒന്ന് മിസൈല്‍ ആക്രമണം ചെറുക്കാന്‍ ശേഷിയുള്ളതും മറ്റൊന്ന് മിസൈലുകളെ തകര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഉള്ളതുമാണ്. സൗഹൃദ രാജ്യങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് യുദ്ധക്കപ്പലുകളെ ഇത്തരത്തില്‍ വിന്യസിക്കുന്നതെന്ന് നാവികസേന വ്യക്തമാക്കി.

ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ് ദക്ഷിണ ചൈനാ കടല്‍. തങ്ങളുടെ അതിര്‍ത്തിയില്‍പ്പെടുന്ന പ്രദേശമാണ് ഇതെന്ന ചൈനയുടെ അവകാശവാദം അമേരിക്ക അംഗീകരിച്ചിട്ടില്ല. അമേരിക്കയുടെ വിമാനവാഹിനി കപ്പലുകള്‍ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തില്‍ ജൂണില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തിയിരുന്നു.

ദക്ഷിണ ചൈനാ കടലില്‍ എത്തുന്ന ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയുടെ യുദ്ധക്കപ്പലുകളുമായി ചേര്‍ന്ന് വാര്‍ഷിക നാവികാഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുക്കും.

Content Highlights: India sends warships to south china sea to counter China