ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 1നു ശേഷം ഇത് ആദ്യമായാണ് പ്രതിദിന കേസുകളില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 3921 മരണവും സ്ഥിരീകരിച്ചു. 1,19,501 പേരാണ് രോഗമുക്തി നേടിയത്. 

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,95,10,410 ആയി. ആകെ മരണം 3,74,305 ആയി. 2,81,62,947 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 

രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്. ഇന്ന് അത് 10 ലക്ഷത്തില്‍ താഴെയെത്തി. 973158 കോവിഡ് രോഗികളാണ് ഇന്നത്തെ കണക്കുപ്രകാരം രാജ്യത്തുള്ളത്. ഏറ്റവും കൂടുതല്‍ സജീവ രോഗികളുള്ളത് കര്‍ണ്ണാടകത്തിലാണ് - 180856 പേര്‍. തൊട്ടു പുറകില്‍ മഹാരാഷ്ട്ര (158617), തമിഴ്നാട് (149927), കേരളം (123433) എന്നീ സംസ്ഥാനങ്ങളിലാണ് ഒരു ലക്ഷത്തില്‍ കൂടുതല്‍ സജീവരോഗികളുള്ളത്.

ആന്ധ്രാപ്രദേശ് (86637), ഒഡീഷ (51681) എന്നിവിടങ്ങളില്‍ അമ്പതിനായിരത്തിനു മുകളില്‍ സജീവരോഗികളുണ്ട്. രാജ്യത്തെ സജീവ കോവിഡ് രോഗികളില്‍ 77 ശതമാനവും ഈ 6  സംസ്ഥാനങ്ങളില്‍ നിന്നാണ്. ബാക്കി സംസ്ഥാനങ്ങളിലെല്ലാം അമ്പതിനായിരത്തില്‍ താഴെയാണ് സജീവ രോഗികളുടെ എണ്ണം. ഇതില്‍ അസമില്‍ മാത്രമാണ് 41373 രോഗികളുള്ളത്. ബാക്കിയിടങ്ങളില്‍ കാല്‍ ലക്ഷത്തില്‍ താഴെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം.

രാജ്യത്ത് ഇതുവരെ 25,48,49,301 പേര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.