മന്ത്രി എസ്.ജയശങ്കർ | Photo: AP
ന്യൂഡല്‍ഹി: അയല്‍രാജ്യമായ ശ്രീലങ്ക നേരിടുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഇന്ത്യയില്‍ അത്തരമൊരു സാഹചര്യമുണ്ടാകാനുള്ള സാധ്യതയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ശ്രീലങ്കയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഇന്ത്യക്ക് ആശങ്കയുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു യോഗംവിളിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വളരെ അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം എന്ന നിലയില്‍ ശ്രീലങ്ക നേരിടുന്ന പ്രശ്നത്തില്‍ ഇന്ത്യക്ക് സ്വാഭാവികമായ ആശങ്കയുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് യോഗത്തില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ്, എഐഡിഎംകെ, ഡിഎംകെ, ആംആദ്മി പാര്‍ട്ടി, ടിആര്‍എസ്, ബിഎസ്പി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് എഐഡിഎംകെ, ഡിഎംകെ നേതാക്കളാണ് സര്‍വകക്ഷിയോഗം വിളിക്കണമെന്ന ആവശ്യമുന്നയിച്ചത്. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഏഴ് പതിറ്റാണ്ടിനിടയില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്.
ഉയര്‍ന്ന പെട്രോള്‍ വില, ജീവന് രക്ഷാമരുന്നുകളുടെ ദൗര്‍ലഭ്യം, നിത്യോപയോഗ സാധനങ്ങള്‍ പോലും കിട്ടാത്ത അവസ്ഥ എന്നിങ്ങനെ ജനജീവിതം ദുസഹമായതോടെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം ശക്തമായതോടെ പ്രസിഡന്റ് ഗോതബായ രജപക്സേ രാജ്യം വിട്ടിരുന്നു. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നാളെയാണ് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ നടക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..