ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെ തോല്‍പിച്ച ഇന്തന്‍ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ പ്രശംസ. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന റേഡിയോ പരിപാടിയായ മന്‍ കി ബാതിന്റെ പതിനെട്ടാമത് എഡിഷനിലാണ് ഇന്ത്യന്‍ ടീമിനെ മോദി അഭിനന്ദിച്ചത്. 2017-ല്‍ ഇന്ത്യ ആതിഥേയഥ്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരം ഫുട്‌ബോളിലും ഇന്ത്യക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

രാജ്യത്ത് ഫുട്‌ബോളിന് പഴയകാലത്ത് ലഭിച്ച സ്വീകാര്യത കുറഞ്ഞിട്ടുണ്ട്. ഇതില്‍ മാറ്റം ഉണ്ടാകണം. എല്ലാ ഗ്രാമങ്ങളിലും ഫുട്‌ബോള്‍ എത്തണം. ഇപിഎല്‍ പോലുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ യുവത്വം ആസ്വദിച്ചിരുന്നതാണ്. ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ഇന്ത്യക്ക് മികച്ച അവസരങ്ങളൊരുക്കും മോദി പറഞ്ഞു. മന്‍ കി ബാതില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കര്‍ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സമയമാണിതെന്നും ജലസംരക്ഷണത്തിന് എല്ലാവരും പ്രാധാന്യം നല്‍കണമെന്നും ഓര്‍മിപ്പിച്ചു.

വിനോദസഞ്ചാര മേഖലകള്‍ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഇത്തവണയും മന്‍ കി ബാതില്‍ ആവര്‍ത്തിച്ചു. രാജ്യത്ത് വര്‍ധിച്ചു വരുന്ന അഴിമതി, ലിംഗാനുപാതത്തിലെ അപകടകരമായ വിടവ്, റോഡ് അപകടങ്ങള്‍ എന്നിവയും മന്‍ കി ബാതിലൂടെ പ്രധാനമന്ത്രി ഉന്നയിച്ചു. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി മന്‍ കി ബാതില്‍ സംസാരിച്ചു തുടങ്ങിയത്.