ന്യൂഡല്‍ഹി: വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതാണ് ഇന്ത്യയുടെ 'വാക്‌സിന്‍ മൈത്രി' നയമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ വെര്‍ച്വലായി നടത്തിയ റെയ്‌സിന ഡയലോഗില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകം മുഴുവന്‍ ഒരു കുടുംബമായി പരിഗണിക്കുന്ന വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് ഇന്ത്യ ആഗോളവത്കരണത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നത്. ഈ കാഴ്ചപ്പാട് അനുസരിച്ച് ലോകം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ടതാണ്. ലോകത്തിന് ഇന്ത്യയും പ്രധാനപ്പെട്ടതാണ്. ഊര്‍ജസ്വലതയോടെ പെരുമാറുക എന്നതും ഇക്കാലത്ത് പ്രധാനപ്പെട്ടതാണ്. മഹാമാരിക്ക് മുമ്പുതന്നെ ജീവകാരുണ്യ രംഗത്തും ദുരന്ത നിവാരണ രംഗത്തും ഇന്ത്യ എല്ലാവര്‍ക്കും സഹായങ്ങള്‍ നല്‍കിയിരുന്നു. പ്രായോഗികതയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ എല്ലാ കാര്യങ്ങളും ചെയ്തത്.

ലോകം മുഴുവന്‍ ഒരു കുടുംബമാണ് എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ആഗോള രംഗത്തെ സഹകരണം കൊടുക്കല്‍ വാങ്ങലുകള്‍ ഉള്‍പ്പെട്ടതാണ്. ചെറിയ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വാങ്ങാനുള്ള കഴിവും വിപണികള്‍ കണ്ടെത്താനുള്ള പ്രാപ്തിയും വലിയ പ്രശ്‌നമാണ്. ഈ ഘട്ടത്തിലാണ് തുല്യതയും ന്യായവും സംബന്ധിച്ച ചര്‍ച്ചകള്‍ ലോകമെങ്ങും നടക്കുന്നത്. ആഗോളവത്കരണത്തോട് ആത്മാര്‍ഥമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങള്‍ തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. ആരും പിന്നിലായിപ്പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വിവിധ ലോകരാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ സൂചിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.

ഏപ്രില്‍ 13 വരെ ലോകത്തെ 90 രാജ്യങ്ങള്‍ക്കായി 651.184 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകളാണ് ഇന്ത്യ നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്. രാജ്യത്തെ പ്രധാന ആഗോള സമ്മേളനങ്ങളില്‍ ഒന്നായ റെയ്‌സിന ഡയലോഗിന്റെ ആറാം എഡിഷന്‍ ഇന്ന് മുതല്‍ ഏപ്രില്‍ 16 വരെയാണ് വെര്‍ച്വലായി നടക്കുന്നത്. 50ലധികം രാജ്യങ്ങളില്‍ നിന്നായി 150 പ്രഭാഷകര്‍ 50 ഓളം സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.

Content Highlights: India's 'vaccine maitri' trying to ensure no one gets left behind - EAM Jaishankar