ന്യൂഡല്‍ഹി: രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടിഎഫ്ആര്‍- ടോട്ടല്‍ ഫെര്‍ട്ടാലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട 2019-2021 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് പ്രത്യുല്‍പാദന നിരക്ക് വീണ്ടും കുറയുന്നതായി പറയുന്നത്. 

ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വ്വേയുടെ കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടത്. ഏറ്റവും കുറവ് പ്രത്യുല്‍പ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനളിലെല്ലാം പ്രത്യുല്‍പ്പാദന നിരക്ക് 2.1 ശതമാനത്തില്‍ കൂടുതലാണ്. ബിഹാറിലാണ് ഏറ്റവും കൂടുതല്‍, മൂന്ന് ശതമാനം. 

രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തെയും മറികടന്നു. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ സ്ത്രീ-പുരുഷ അനുപാതം. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗം സ്വീകരിക്കുന്നത് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേ നടത്തിയ സംസ്ഥാനങ്ങളിലെ 67 ശതമാനം ആളുകള്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. നേരത്തെ ഇത് 54 ശതമാനമായിരുന്നു. 

12-23 മാസം പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധന കുത്തിവെപ്പ് നിരക്ക് 76 ശതമാനമായും ഉയര്‍ന്നു. സര്‍വ്വേ നടത്തിയ 14 സംസ്ഥാനങ്ങളില്‍ 11 ഇടങ്ങളിലും 12-23 മാസം പ്രായമുള്ള നാലില്‍ മൂന്ന് കുട്ടികളും പൂര്‍ണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്‌.

content highlights: India's total fertility rate drops below replacement level; sex ratio improves further