ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വൈറോളജിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നും വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജൂണ്‍ മൂന്നിനും 17 നുമിടെയാണ് സര്‍വെ നടത്തിയത്. മൂന്നാം തരംഗം ഒക്ടോബറില്‍ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും പ്രവചിച്ചു. മൂന്നാം തരംഗം ഓഗസ്റ്റില്‍ എത്തുമെന്നാണ് മൂന്ന് വിദഗ്ധര്‍ പ്രവചിച്ചത്. സെപ്റ്റംബറില്‍ എത്തുമെന്ന് 12 പേര്‍ അഭിപ്രായപ്പെട്ടു. നവംബറിനും അടുത്തവര്‍ഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗം എത്തുകയെന്നും ഒരു വിഭാഗം വിദഗ്ധര്‍ വിലയിരുത്തി. രണ്ടാം തരംഗത്തെക്കാള്‍ മികച്ച രീതിയില്‍ മൂന്നാം തരംഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഏപ്രില്‍ - മെയ് മാസങ്ങളിലാണ് രണ്ടാം തരംഗം രാജ്യത്ത് ഉച്ചസ്ഥായിയില്‍ എത്തിയത്. ഈ സമയത്താണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. വാക്‌സിന്‍, ഓക്‌സിജന്‍, മരുന്നുകള്‍, ആശുപത്രി കിടക്കകള്‍ എന്നിവയുടെ ക്ഷാമവും രണ്ടാം തരംഗത്തിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. അതിനുശേഷമാണ് രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അടക്കമുള്ളവയാണ് രോഗവ്യാപനം കുറയാന്‍ ഇടയാക്കിയത്.

കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. രോഗബാധിതരുടെ എണ്ണവും കുറഞ്ഞേക്കും. രോഗപ്രതിരോധ ശേഷിയും മൂന്നാം തരംഗത്തിനിടെ വര്‍ധിച്ചേക്കാമെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു.

അതിനിടെ, മൂന്നാം തരംഗം കുട്ടികളെയും 18 വയസില്‍ താഴെയുള്ളവരെയും എത്തരത്തില്‍ ബാധിക്കും എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് വിദഗ്ധര്‍ പങ്കുവച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സര്‍വെയില്‍ പങ്കെടുത്ത 40 ല്‍ 26  വിദഗ്ധരും കുട്ടികളില്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 14 പേര്‍ മാത്രമാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. കോവിഡ് ഒരു വര്‍ഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി രാജ്യത്ത് നിലനില്‍ക്കുമെന്ന് 30 വിദഗ്ധരും പ്രവചിച്ചു.

Content Highlights: India's third wave may arrive by October - experts