മുംബൈ: പ്രോജക്ട് 75 ന്റെ കീഴില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഐഎന്‍എസ് ഖന്ദേരി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മിഷന് ചെയ്തു. സ്കോര്‍പീന്‍ ശ്രേണിയില്‍ പെടുന്ന രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് ഖന്ദേരി. ശനിയാഴ്ച രാവിലെയാണ് ഐഎന്‍എസ് ഖന്ദേരി ഇന്ത്യന്‍ നാവികസേനയുടെ ആയുധശേഖരത്തിലേക്കെത്തിയത്. ഐഎന്‍എസ് കല്‍വരിയ്ക്ക് ശേഷം നാവികസേന കരസ്ഥമാക്കുന്ന ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലാണ് ഖന്ദേരി.
'ഇന്ത്യന്‍ നാവികസേനയെ കുറിച്ച് ഏറെ അഭിമാനമുണ്ട്. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തുന്നതില്‍ നാവികസേന മഹത്തായ പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളെ കുറിച്ച് പാകിസ്താന് അറിഞ്ഞിരിക്കണം. പാകിസ്താനെതിരെ യുദ്ധം അനിവാര്യമായാല്‍ ഈ ആയുധങ്ങള്‍ നമുക്ക് പ്രയോജനപ്പെടും'. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഖന്ദേരി കൈമാറി രാജ് നാഥ് സിങ് പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളിലെ സുപ്രധാനമുന്നേറ്റമാണ് ഐഎന്‍എസ് ഖന്ദേരിയെന്ന് ചീഫ് അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു. നൂതനസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തദ്ദേശീയമായി തന്നെ അത്യാധുനിക മുങ്ങിക്കപ്പല്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചത് നാവികസേനയുടെ മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിന്റെ സഹായത്തോടെയാണ് പ്രോജക്ട് 75 ഇന്ത്യ നടപ്പാക്കുന്നത്. ഫയര്‍ ടോര്‍പിഡോ, മിസൈലുകള്‍, മൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധശേഖരം ഖന്ദേരിയിലുണ്ട്. മസഗോണ്‍ ഡോക്സ് ഷിപ്ബില്‍ഡേഴ്സ് ലിമിറ്റഡ് ആണ് ഇന്ത്യയ്ക്ക് വേണ്ടി മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. ഐഎന്‍എസ് കല്വരിയും ഐഎന്‍എസ് ഖന്ദേരിയും കൂടാതെ നാല് മുങ്ങിക്കപ്പലുകള്‍ കൂടി നിര്‍മാണത്തിലുണ്ട്.
Content Highlights: India's second Scorpene-class submarine INS Khanderi is commissioned in Mumbai