ദാവോസ്: കഴിഞ്ഞ വര്‍ഷം ഇന്ത്യ കടന്നുപോയത് ആശങ്കാജനകമായ സാമ്പത്തിക അസമത്വത്തിലൂടെ. പോയ വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന്, ഓക്‌സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ഷിക സര്‍വ്വേയില്‍ പറയുന്നു. 

രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധന വെറും ഒരു ശതമാനം മാത്രമാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ലോക സാമ്പത്തിക ഫോറം ദാവോസില്‍ സമ്മേളിക്കുന്ന വേളയിലാണ് ഈ സര്‍വ്വേ പുറത്തു വന്നിരിക്കുന്നത്. ലോക സാമ്പത്തിക ഫോറത്തില്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സര്‍വ്വെയാണ് ഓക്സ്ഫാമിന്റേത്. 

ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വെ ഫലം. എന്നാല്‍ ഈ വര്‍ഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തില്‍ രാജ്യം എത്തി നില്‍ക്കുന്നു എന്നാണിത് കാട്ടുന്നത്. 'റിവാര്‍ഡ് വര്‍ക്ക്, നോട്ട് വെല്‍ത്ത്' (Reward Work, Not Wealth) എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ തലക്കെട്ട്.

2017ല്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്‍ധിച്ചു. 2017-18 ലെ കേന്ദ്രസര്‍ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. 

ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ടുകൊണ്ട് ലോകസമ്പത്ത്, ന്യൂനപക്ഷം വരുന്ന അതിസമ്പരില്‍  കുന്നുകൂടുന്നതിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ഈ സര്‍വ്വെ. 

സമ്പത്ത് മുഴുവന്‍ ചെറിയൊരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവണത ലോകത്താകമാനം വര്‍ധിച്ചു വരികയാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് കോടിപതികളുടെ എണ്ണത്തില്‍ അതിദ്രുത വര്‍ധനയാണ് 2017 ല്‍ രേഖപ്പെടുത്തുന്നത്. അതും രണ്ടു ദിവസത്തിനിടെ ഒരാള്‍ എന്ന തോതില്‍. 2010 മുതല്‍ കോടിപതികളുടെ സമ്പത്ത് 13 ശതമാനം എന്ന തോതിലാണ് വര്‍ധിച്ചത്. 

ഇപ്പോഴത്തെ നിലയ്ക്ക് ഗ്രാമീണ ഇന്ത്യയിലെ ദിവസകൂലിക്കാരന്, ഇന്ത്യയിലെ മുന്‍നിര വസ്ത്രവ്യാപാര രംഗത്തെ എക്സിക്യൂട്ടീവ് തസ്തികയിലുള്ളയാളുടെ വാര്‍ഷിക വേതനം സമ്പാദിക്കണമെങ്കില്‍ അയാള്‍ 941 വര്‍ഷം അധ്വാനിക്കേണ്ടി വരും. അതേസമയം, അമേരിക്കയില്‍ കോര്‍പറേറ്റ് കമ്പനി മേധാവിക്ക് ഒരു ദിവസം ലഭിക്കുന്ന ശമ്പളം, സാധാരണ തൊഴിലാളിക്ക് അവിടെ ഒരു വര്‍ഷം കൊണ്ട് നേടാനാകും. 

ദാവോസില്‍ ലോക സാമ്പത്തിക ഫോറം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യാന്‍ പോകുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ ഭരണകൂടത്തോട് ഓക്‌സ്ഫാം പറയുന്നത് ഇതാണ്: 'ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാവണം, പകരം ഭാഗ്യവാന്‍മാരായ വളരെ കുറച്ചുപേര്‍ക്ക് വേണ്ടി മാത്രമാകരുത്'.

നൂറ് കോടി ആസ്തിയുള്ള 17 പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുണ്ടായത്. നൂറ് കോടിയിലധികം ആസ്തിയുള്ളവരുടെ എണ്ണം രാജ്യത്ത് ഇതോടെ 101 ആയി. 20.7 ലക്ഷം കോടി രൂപയാണ് ഈ അതിസമ്പന്നരുടെ സമ്പത്തിന്റെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായത് 4.89 ലക്ഷം കോടിയുടെ വര്‍ധനയാണ്.രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കൂടി ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മാറ്റിവെച്ച ബജറ്റിന്റെ 85 ശതമാനം വരുമിത്.

രാജ്യത്തെ 37 ശതമാനം ശതകോടീശ്വരന്‍മാരും പാരമ്പര്യമായി കിട്ടിയ സ്വത്തിനുടമകളാണെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. പത്തില്‍ ഒമ്പത് ശതകോടീശ്വരന്‍മാരും പുരുഷന്‍മാരാണെന്ന ശ്രദ്ധേയ നിരീക്ഷണവുമുണ്ട് ഈ സര്‍വ്വേയില്‍. നൂറ് കോടി ആസ്തിയുള്ള ഇന്ത്യയിലെ 101 സമ്പന്നരില്‍ നാലുപേര്‍ മാത്രമാണ് സ്ത്രീകള്‍. അതില്‍ മൂന്ന് പേരും പാരമ്പര്യസ്വത്തിനുടമകളാണു താനും.