പനജി: ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വതമായ ബാരനില്‍ നിന്ന് പുകയും ലാവയും വമിക്കുന്നതായി ഗോവ ആസ്ഥാനമായ ദേശീയ സമുദ്ര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ കണ്ടെത്തി. അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഈ അഗ്നിപര്‍വതം അവസാനമായി സജീവമായത് 1991-ലാണ്. 150 വര്‍ഷത്തിനുശേഷമായിരുന്നു 1991-ല്‍ ബാരന്‍ പുകഞ്ഞത്.

പോര്‍ട്ട് ബ്ലയറില്‍ നിന്ന് 140 കിലോമിറ്റര്‍ വടക്കുകിഴക്കായുള്ള ബാരന്‍ ദ്വീപിലാണ് പര്‍വതം സ്ഥിതിചെയ്യുന്നത്. 2017 ജനുവരി 23-നാണ് പര്‍വ്വതം പുകയുന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമുദ്ര ഗവേഷണ ശാസ്ത്രജ്ഞരുടെ സംഘം ഇതിനു സമീപത്തെ കടലിലെ അടിത്തട്ടിന്റെ സാമ്പിള്‍ ശേഖരിക്കുന്നതിനിടെയാണ് പര്‍വതത്തില്‍ നിന്ന് പുക വമിക്കുന്നതു കണ്ടത്. ഒരു മൈല്‍ ദൂരെ നിന്ന് പര്‍വതം നിരീക്ഷിച്ചപ്പോള്‍ അഞ്ചു മുതല്‍ പത്തു മിനിറ്റുവരെ പുക കണ്ടതായി ഗവേഷക സംഘം പറഞ്ഞു. അഭയ് മുധോല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പര്‍വതം നിരീക്ഷിച്ചത്.

പകല്‍സമയത്താണ് പര്‍വതത്തില്‍ നിന്ന് പുക ഉയരുന്നതായി കണ്ടത്. രാത്രി നിരീക്ഷിച്ചപ്പോള്‍ പര്‍വതമുഖത്തുനിന്നും ചുവന്നനിറത്തില്‍ ലാവ അന്തരീക്ഷത്തിലേക്ക് തെറിക്കുന്നതായും ഒഴുകുന്നതായും ഗവേഷകര്‍ മനസ്സിലായത്. ജനുവരി 26-ന് ബി. നാഗേന്ദര്‍ നാഥിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും പര്‍വതം നിരീക്ഷിച്ചപ്പോള്‍ പുകയും പൊട്ടിത്തെറിയും തുടരുന്നതായി കണ്ടെത്തി.

പര്‍വതത്തിനു സമീപത്തെ മണ്ണും വെള്ളവും പരിശോധിച്ചപ്പോഴും അഗ്നിപര്‍വതം ഉണര്‍ന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അഗ്നിപര്‍വതം പൊട്ടുേമ്പാഴുണ്ടാകുന്ന പാറക്കഷ്ണത്തിനു സമാനമായ കറുത്ത അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്നിപര്‍വത സ്‌ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം വ്യക്തമാക്കി. ബാരന് ചുറ്റും ഉറങ്ങിക്കിടക്കുന്ന ചെറിയ അഗ്നിപര്‍വതങ്ങളുമുണ്ട്.