പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ സംസാരിക്കുന്നു. Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ച സംഭവം ഏറെ ഖേദകരമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിഷയം കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ അറിയിച്ചു. മാര്‍ച്ച് ഒമ്പതിനാണ് ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചത്.
മിസൈല്‍ യൂണിറ്റുകളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്. മാര്‍ച്ച് ഒമ്പതിന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഈ മിസൈല്‍ പാകിസ്താന് ഭൂപ്രദേശത്താണ് പതിച്ചതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. മിസൈല്‍ പതിച്ച് നാശനഷ്ടങ്ങളൊന്നും സംഭവിക്കാതിരുന്നത് ആശ്വാസകരമാണെന്നും രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു.
ഇന്ത്യയുടെ മിസൈല്‍ സംവിധാനം അത്യധികം വിശ്വസനീയവും സുരക്ഷിതവുമാണ്. എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തിയാല്‍ അവ ഉടന്‍ തന്നെ പരിഹരിക്കും. രാജ്യത്തിന്റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഹരിയാനയിലെ സിര്‍സ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്താണ് പതിച്ചത്. പാകിസ്താന് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ സംഭവം അബദ്ധത്തില്‍ ഉണ്ടായതാതാണെന്നും ദുഃഖകരമാണെന്നും പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
Content Highlights: India's missile system highly reliable and safe: Rajnath Singh in Parliament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..