ന്യൂഡല്‍ഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കക്കെതിരേ ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത് വലിയ തെറ്റാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്കെതിരേയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വോട്ട് രേഖപ്പെടുത്തിയത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ  നിലപാടിനെ സുബ്രഹ്മണ്യൻ സ്വാമി വിമർശിച്ചത്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണത്തെ അനുകൂലിച്ച് നിരവധി പേർ പ്രസ്താവന റീ ട്വിറ്റ് ചെയ്തു.

രാജ്യ താത്പര്യത്തിനെതിരായാണ് ഇന്ത്യ വോട്ട് ചെയ്തതെന്ന് സ്വാമി ആരോപിച്ചു. 'കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണ് ഇസ്രയേല്‍. എന്നാല്‍ പാലസ്തീന്‍ ഒരിക്കല്‍ പോലും ഇന്ത്യയെ പിന്തുണച്ചിട്ടില്ല' അദ്ദേഹം പറഞ്ഞു.

'പശ്ചിമ ജറുസലേം ഇസ്രായേലിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ തീരുമാനത്തില്‍ യാതൊരു പിഴവുമില്ല. ഇന്ത്യയുടെ എംബസിയും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്, സ്വാമി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്.  തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെതിരായ പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 128 രാജ്യങ്ങളാണ് യു.എന്‍ പൊതുസഭയില്‍ അനുകൂലിച്ചത് .

പ്രമേയത്തെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് നൂറിലേറെ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചത്. അമേരിക്കയും ഇസ്രയേലും അടക്കമുള്ള ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 35 രാജ്യങ്ങള്‍ വിട്ടുനിന്നു.

ജറുസലേമിന്റെ കാര്യത്തില്‍ ഇസ്രായേലും പലസ്തീനും ചര്‍ച്ച ചെയ്ത് തീരുമാനം സ്വീകരിക്കണമെന്നാണ് അമേരിക്കയെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യങ്ങള്‍ സ്വീകരിച്ച നിലപാട്.