ന്യൂഡല്‍ഹി; ലോകത്തിന് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയാണ് യോഗയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ യോഗ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അന്താരാഷ്ട്ര യോഗാദിനത്തില്‍ ചെയ്ത ട്വീറ്റിലായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.

എല്ലാവര്‍ക്കും അന്താരാഷ്ട്ര യോഗാദിന ആശംസകള്‍. പുരാതന ശാസ്ത്രമായ യോഗ ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ യോഗ സ്വീകരിക്കുന്നതില്‍ വലിയ സന്തോഷം. ക്ലേശങ്ങളുടെ ഈസമയത്ത്, പ്രത്യേകിച്ച് കോവിഡ് 19 മൂലം കഷ്ടപ്പെടുമ്പോള്‍ യോഗ ചെയ്യുന്നത് ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കും, രാഷ്ട്രപതിയുടെ ട്വീറ്റില്‍ പറയുന്നു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വ്യക്തിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് യോഗ സഹായിക്കുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ആരോഗ്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കുന്നതിന് പതിവായി യോഗയും ധ്യാനവും ചെയ്യാന്‍ എല്ലാ ജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടു. 'വീട്ടില്‍ യോഗ, കുടുംബത്തിനൊപ്പം യോഗ' എന്നതാണ് ഈ വര്‍ഷത്തെ യോഗാദിനത്തിന്റെ വിഷയം. ഇന്ന് നമ്മളെല്ലാവരും എല്ലാ പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും കുടുംബത്തിനൊപ്പം യോഗ ചെയ്യുകയും വേണം. കുടുംബാംഗങ്ങള്‍ ഒന്നിച്ച് യോഗ ചെയ്യുമ്പോള്‍ വീട്ടിലാകെ അത് ഊര്‍ജ്ജം നിറയ്ക്കും', രാജ്യാന്തര യോഗാദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Content Highlights: India's Great Gift To Worl: President Kovind Tweets Yoga Pics