ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഒക്ടോബര്‍ - ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വെള്ളിയാഴ്ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021 - 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 2020 - 21 ലെ ആദ്യ പാദത്തില്‍ 24.4 ശതമാനവും ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ 7.7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടര്‍ന്നാണ് നാല്‍പ്പതിലേറെ വര്‍ഷങ്ങള്‍ക്കിടെ സമ്പദ്‌വ്യവസ്ഥയില്‍ ആദ്യമായി കഴിഞ്ഞ ജൂണില്‍ ഇടിവ് രേഖപ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ നീക്കിയതോടെ പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു തുടങ്ങിയിരുന്നു.

ജൂലായ് മുതല്‍ സമ്പദ്‌വ്യവസ്ഥ കരകയറിത്തുടങ്ങിയെന്നാണ് സാമ്പത്തിക സര്‍വെ വ്യക്തമാക്കിയിരുന്നത്. ഊര്‍ജ ഉപയോഗത്തിലെ വര്‍ധന, ചരക്ക് - സേവന നികുതി പിരിവ്, ഇ - വേ ബില്ലുകള്‍, ഉരുക്ക് ഉപയോഗത്തിലെ വര്‍ധന എന്നിവയാണ് ഇതിന്റെ സൂചനകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.

Content Highlights: India's GDP grows by 0.4% in October-December