ന്യൂഡല്‍ഹി: പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച വിമാന ജീവനക്കാരുമായി ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ഡല്‍ഹി- ദുബായ് റൂട്ടില്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച ക്രൂവുമൊത്ത് രാജ്യത്ത് നിന്ന് ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തിയത്. രാവിലെ 10.40 ന് ഡല്‍ഹിയില്‍ നിന്ന് യാത്രതിരിച്ച വിമാനത്തിന്റെ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ചിരുന്നു. 

ഡി.ആര്‍.ഗുപ്ത, അശോക് കുമാര്‍ നായിക് എന്നിവരായിരുന്നു വിമാനത്തിന്റെ ക്യാപ്റ്റന്‍ന്മാര്‍. വെങ്കിട് കെല്ല, പ്രവീണ്‍ ചന്ദ്ര, പ്രവിണ്‍ ചോഗല്‍, മനീഷ കാംബ്ലെ എന്നിവരായിരുന്നു ക്രൂ അംഗങ്ങള്‍. ഇതേ ജീവനക്കാരുമായി വിമാനം ദുബായ്- ജെയ്പുര്‍- ഡല്‍ഹി സെക്ടറിലും സര്‍വീസ് നടത്തിയിരുന്നു. 

ജീവനക്കാരുടെ മാത്രമല്ല, യാത്രക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ ക്രൂ അംഗങ്ങള്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: India's First International Flight with Fully-Vaccinated Crew